കാസര്‍കോട്: ദേലംപാടി, മയ്യളയില്‍ ഒറ്റയാന്‍ ഇറങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ എത്തിയ ആന വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, കവുങ്ങ്, ശീമച്ചക്ക മരം എന്നിവയാണ് നശിപ്പിച്ചത്. ശീമച്ചക്ക മരം തകര്‍ത്ത് അതിന്റെ പുറം തൊലി അടക്കം ഭക്ഷിച്ചാണ് ആന മടങ്ങിയത്. മയ്യള പ്രദേശത്ത് ആദ്യമായാണ് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മതിയായ പ്രതിരോധ സംവിധാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ഇനിയും എത്തുമെന്ന ഭീതിയിലാണ് നാട്ടുകാര്‍. അതേ സമയം മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസവും കാട്ടാനകള്‍ വ്യാപകമായി കൃഷി നാശം വരുത്തി. പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കണമെന്നു ആവശ്യപ്പെട്ട് കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ വനം വകുപ്പിന്റെ ബീറ്റ് ഓഫീസ് ഷെഡിലേക്ക് വെള്ളിയാഴ്ച മാര്‍ച്ച് നടത്തി. സിപിഎം ഏരിയാ സെക്രട്ടറി മാധവന്‍ ഉദ്ഘാടനം ചെയ്തു. നിരവധി പേര്‍ സംബന്ധിച്ചു.