ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. വീട്ടിൽ നിന്നും 12 കിലോമീറ്റർ അകലെ ഗോകർണയിലാണ് മൃതദേഹം കണ്ടത്. സനി ഹനുമന്തപ്പ(55) എന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് സ്ഥിരീകരിച്ചു. ജീർണിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്. പുഴയുടെ മറുകരയിൽ വെള്ളം ഉയർന്നപ്പോൾ കാണാതായ സ്ത്രീകളിൽ ഒരാളാണ് സനി ഹനുമന്തപ്പ. വീട്ടിനുള്ളിൽ പാചകം ചെയ്യുന്നതിനിടെ മണ്ണിടിച്ചിലിൽ വീട് തകർന്നതിന് പിന്നാലെ സ്ത്രീ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇങ്ങനെ കാണാതായ നാല് പേരിൽ ഒരാളാണ് ഇവർ. 10പേരാണ് അപകടത്തിൽ പെട്ടത്. മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. അർജുനായുള്ള തെരച്ചിൽ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ. ഇന്നലെ നടത്തിയ തെരച്ചിലിൽ പുഴയിൽ 40 മീറ്റർ മാറി സിഗ്നൽ കണ്ടെത്തിയിരുന്നു. ലോറി ഇടിഞ്ഞു വീണ മണ്ണിനൊപ്പം ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം.
