ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടുകയും പിന്നീട് തിരിച്ചെത്തുകയും ചെയ്തതിനു പിന്നാലെ ഐ എ എസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി. ഗുജറാത്ത് വൈദ്യുതി റെഗുലേറ്ററിലെ കമ്മീഷന്‍ സെക്രട്ടറി രഞ്ജിത്ത് കുമാറിന്റെ ഭാര്യ സൂര്യ ജയ് (45) ആണ് മരിച്ചത്. രഞ്ജിത്ത് കുമാറുമായി അകന്നു കഴിയുകയായിരുന്നു സൂര്യ. ഒന്‍പത് മാസം മുമ്പ് ഗുണ്ടാ നേതാവായ മഹാരാജ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടിയിരുന്നു. പിന്നീട് തിരിച്ചെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം സൂര്യ ഭര്‍ത്താവിന്റെ വീട്ടിലെത്തി. വീട്ടില്‍ പ്രവേശിപ്പിക്കരുതെന്നു രഞ്ജിത്ത് ജോലിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ വിഷം കഴിച്ച സൂര്യ 108 ആംബുലന്‍സ് സഹായത്തിനായി വിളിച്ചു. പൊലീസ് സഹായത്തോടെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. സൂര്യ വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് രഞ്ജിത്ത് വിവാഹ മോചന പരാതിയുമായി ബന്ധപ്പെട്ട നടപടികള്‍ക്കായി പുറത്തു പോയിരിക്കുകയായിരുന്നു.
കാമുകനൊപ്പം പോയ ശേഷം പതിനാലുകാരനെ തട്ടിക്കൊണ്ടുപോയി രണ്ടു കോടി രൂപ മോചന ദ്രവ്യമായി ആവശ്യപ്പെട്ട കേസില്‍ സൂര്യയും മഹാരാജയും പ്രതിയാണ്. ഈ കേസില്‍ അറസ്റ്റു ഭയന്നാണ് സൂര്യ തിരിച്ചെത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. സൂര്യയുടെ ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.