ന്യൂഡൽഹി: റീൽസ് ചിത്രീകരിക്കാനുള്ള ക്യാമറ വാങ്ങാനായി ജോലി ചെയ്യുന്ന വീട്ടിൽനിന്നും സ്വർണം മോഷ്ടിച്ച 30കാരി അറസ്റ്റിൽ. രാജസ്ഥാന്‍ സ്വദേശിയായ നീതു യാദവിനെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. സ്വന്തം യൂട്യൂബ് ചാനലിനായി വിഡിയോകൾ ചിത്രീകരിക്കാൻ നിക്കോണിന്റെ ഡിഎസ്എൽആർ ക്യാമറ വാങ്ങാൻ നീതു ആഗ്രഹിച്ചിരുന്നു. ഇതിനായി ലക്ഷങ്ങൾ വിലവരുന്ന സ്വർണവും വെള്ളിയും ഉൾപ്പെടുന്ന ആഭരണങ്ങൾ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്ന് മോഷ്ടിക്കുകയാണു നീതു എളുപ്പവഴിയായി കണ്ടെത്തിയത്. ജൂലായ് 15-നാണ് സംഭവത്തിനെ തുടര്‍ന്ന് വീട്ടുടമ പരാതി നൽകിയത്. സ്വര്‍ണത്തിന്റെ ബ്രേസ് ലെറ്റ്, വെള്ളിയുടെ മാല എന്നിവയുള്‍പ്പെടെ ലക്ഷങ്ങള്‍ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്നായിരുന്നു പരാതി. ഇത് കൂടാതെ വീട്ടുജോലിക്കാരിയെ സംശയമുണ്ടെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ പൊലീസ് നീതു യാദവിന്റെ മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. ഇവര്‍ വീട്ടുടമയ്ക്ക് നല്‍കിയിരുന്ന വിലാസം വ്യാജമായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് സിസിടിവി ദൃശ്യങ്ങളും മറ്റും അന്വേഷിച്ചാണു നീതുവിനെ കണ്ടെത്തിയത്. ബാഗുമായി ഡൽഹിയിൽനിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്.