കോഴിക്കോട്: ട്രെയിൻ യാത്രക്കാരന് സഹയാത്രികന്റെ കുത്തേറ്റു. വെള്ളിയാഴ്ച രാത്രി പതിനൊന്നരക്കു ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിലായിരുന്നു സംഭവം. പയ്യോളിക്കും വടകരക്കുമിടയിൽ വച്ചാണ് കുത്തേറ്റത്. കോച്ചിനുള്ളിൽ സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതാണ് പ്രകോപനമായത്. ആദ്യം സ്ത്രീകളെ ശല്യം ചെയ്തതോടെ മാറിനിൽക്കാൻ അവർ തന്നെ ആവശ്യപ്പെട്ടിരുന്നു. അനുസരിക്കാൻ ആക്രമി തയ്യാറായില്ല. തുടർന്ന് ഇത് കണ്ട യാത്രക്കാരനും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. പ്രകോപിതനായ യുവാവ് ബാഗിൽ കരുതിയിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നു. നെറ്റിയിലുള്ള മുറിവ് സാരമല്ല. കുത്തേറ്റ യാത്രക്കാരൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു. അക്രമിയെ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. പരാതിയില്ലാത്തതിനാൽ അക്രമിയെ പൊലീസ് വിട്ടയച്ചു.