കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ കെട്ടിടം അപകടാവസ്ഥയില്‍. ഏതു സമയത്തും തലയ്ക്കു മുകളിലേയ്ക്ക് കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നു വീണേക്കാമെന്ന ഭീതിയോടെയാണ് ഇവിടെ പൊലീസുകാര്‍ ജോലി ചെയ്യുന്നത്. 1979 ല്‍ ആണ് കുമ്പള പൊലീസ് സ്റ്റേഷനു വേണ്ടി കോണ്‍ക്രീറ്റ് കെട്ടിടം പണിതത്. ഇപ്പോള്‍ നിര്‍മ്മാണത്തിനു 45 വര്‍ഷങ്ങളായി. കാലപ്പഴക്കം കാരണം പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന്റെ മുകളിലെ സ്ലാബ് പല തവണ അടര്‍ന്നു വീണിട്ടുണ്ട്. സ്ലാബ് അടര്‍ന്നു വീഴുന്നത് തടയാനായി കെട്ടിടത്തിന്റെ മുകളില്‍ ചുമര് കെട്ടി, ഷീറ്റിട്ടിരുന്നു. എന്നാല്‍ ഇതുവഴി അകത്തെ ചൂടു കുറഞ്ഞുവെന്ന ഗുണമേ ഉള്ളുവെന്നു പൊലീസുകാര്‍ ചൂണ്ടിക്കാട്ടുന്നു. ക്വാര്‍ട്ടേഴ്സും വിശ്രമ സൗകര്യങ്ങളും ഇല്ലാത്തതിനാല്‍ ഈ ആവശ്യങ്ങള്‍ക്കായി അപകടാവസ്ഥയിലായ കെട്ടിടത്തെയാണ് പൊലീസുകാര്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം ചെറുവത്തൂരില്‍ നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ കുമ്പള പൊലീസ് സ്റ്റേഷന്‍ അപകടാവസ്ഥയിലായ കാര്യം വിശദമായ ചര്‍ച്ചയ്ക്ക് ഇടയാക്കിയിരുന്നു.