കണ്ണൂര്‍: ഭര്‍ത്താവിന്റെ കാമുകിയെ താക്കീതു ചെയ്ത വിരോധത്തില്‍ ക്രൂരമായ പീഡനത്തിനു ഇരയായ നവവധു കെട്ടിത്തൂങ്ങി ജീവനൊടുക്കി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് അഞ്ചരക്കണ്ടിയിലെ വെണ്‍മണല്‍, പേരിയാല്‍ ഹൗസിലെ എ അശ്വിനി(25)യാണ് ജീവനൊടുക്കിയത്. ഞായറാഴ്ച സ്വന്തം വീട്ടിലെ കുളിമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഗുരുതരനിലയില്‍ ചികിത്സയിലായിരുന്ന യുവതി വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറും കാപ്പാട്, പെരിങ്ങളായി സ്വദേശിയുമായ വിപിനും അശ്വിനിയും തമ്മിലുള്ള വിവാഹം രണ്ടുവര്‍ഷം മുമ്പാണ് നടന്നത്.
ഭര്‍ത്താവിനു കാമുകിയുണ്ടെന്ന് അടുത്തിടെ അശ്വിനി അറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഭര്‍ത്താവിനോട് പ്രസ്തുത ബന്ധം അവസാനിപ്പിക്കുവാന്‍ അശ്വിനി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കാമുകിയെ ഉപേക്ഷിക്കാന്‍ വിപിന്‍ തയ്യാറായിരുന്നില്ലെന്നു പറയുന്നു. ഇതിന്റെ പേരില്‍ ഭര്‍തൃപീഡനവും ഉണ്ടായി തുടങ്ങിയത്രെ.
ഇതിനിടയില്‍ ഏതാനും ദിവസം മുമ്പ് അശ്വിനി ഭര്‍ത്താവിന്റെ കാമുകിയെ കണ്ട് ബന്ധം ഒഴിയണമെന്നു താക്കീതു ചെയ്യുകയും തന്റെ ജീവിതം തകര്‍ക്കരുതെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. രാത്രി വീട്ടിലെത്തിയ ഭര്‍ത്താവ് ഇതിന്റെ പേരില്‍ അശ്വിനിയെ ക്രൂരമായി മര്‍ദ്ദിച്ചു. ഞായറാഴ്ച സ്വന്തം വീട്ടില്‍ തിരിച്ചെത്തിയ അശ്വിനി തന്റെ ദുരിതജീവിതം വീട്ടുകാരെ അറിയിച്ചിരുന്നു. അന്നു രാത്രിയാണ് ജനലില്‍ തൂങ്ങിയതെന്നും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചു. അശ്വിനി മരണപ്പെട്ടതോടെ വിപിന്‍ ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. പ്രദീപന്‍-ഓമന ദമ്പതികളുടെ മകളാണ് അശ്വിനി. സഹോദരി: അനുശ്രീ.