കണ്ണൂര്‍: മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്ന കണ്ണൂരിലും വയനാട്ടിലും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ ആരംഭിച്ച മഴ ശക്തമായി തുടരുകയാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. പഴശ്ശി ജലസംഭരണിയിലെ 9 ഷട്ടറുകള്‍ 100 സെന്റിമീറ്റര്‍ ഉയര്‍ത്തി. വളപട്ടണം പുഴ നിറഞ്ഞൊഴുകുകയാണ്. മറ്റു പുഴകള്‍ പല ഭാഗത്തും കരകവിഞ്ഞൊഴുകുന്നു. മാലൂര്‍, കുണ്ടേരി പൊയില്‍, ഇടുമ്പ, ആയിത്തര, വട്ടോളി, എടയാര്‍, ശ്രീകണ്ഠാപുരം, ചെങ്ങളായി എന്നിവിടങ്ങളിലാണ് പുഴ കരകവിഞ്ഞൊഴുകുന്നത്.
ഇടുക്കി അടിമാലി-കുമളി ദേശീയ പാതയിലെ കല്ലാര്‍കുട്ടിക്കു സമീപം മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടു. മണ്‍തിട്ടയില്‍ നിന്ന് കൂറ്റന്‍ മരവും റോഡിലേക്കുമടിഞ്ഞു. വാഹനത്തിനു മുകളിലാണ് മരം വീണത്. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു നീക്കാന്‍ ശ്രമം തുടരുന്നുണ്ട്.
