ഗാംഗ്‌ടോക്ക്: കാണാതായ മുന്‍ സിക്കിം വനം വകുപ്പ് മന്ത്രിയുടെ മൃതദേഹം കനാലില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൊലയാണെന്നാണ് പ്രാഥമിക സംശയം. ആര്‍.സി പൗഡ്യാലിന്റെ മൃതദേഹമാണ് പശ്ചിമബംഗാളിലെ സിലിഗുഡിക്കു സമീപത്തെ കനാലില്‍ കണ്ടെത്തിയത്. കാണാതാകുന്ന സമയത്ത് ധരിച്ചിരുന്ന വാച്ചും വസ്ത്രങ്ങളുമാണ് മൃതദേഹം തിരിച്ചറിയാന്‍ സഹായിച്ചത്. ജുലൈ ഏഴിനാണ് ജന്മനാടായ ചോട്ടോസിങ് താമില്‍ നിന്നു പൗഡ്യാലിയെ കാണാതായത്. ഇദ്ദേഹത്തെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടരുന്നതിനിടയിലാണ് ബുധനാഴ്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹം നദിയില്‍ തള്ളിയതാകാന്‍ സാധ്യതയുള്ളതായി പൊലീസ് സംശയിക്കുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ട്.