മംഗ്‌ളൂരു: വീടിനു തീപിടിച്ച് ബാറുടമയും ബി.ജെ.പി പ്രാദേശിക നേതാവായ ഭാര്യയും മരിച്ചു. രണ്ടു മക്കള്‍ കുളിമുറിയില്‍ അഭയം തേടിയതിനാല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഉഡുപ്പിയിലെ ഒരു ബാര്‍ ആന്റ് റസ്റ്റോറന്റ് ഉടമ രമാനന്ദ ഷെട്ടി (50), ഭാര്യ അശ്വിനി ഷെട്ടി(48) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവം.
ദമ്പതികള്‍ വീടിന്റെ മുകള്‍ നിലയിലും രണ്ടുമക്കള്‍ താഴത്തെ നിലയിലുമാണ് ഉറങ്ങിക്കിടന്നിരുന്നത്. വീട്ടിനകത്തു പുക നിറഞ്ഞതോടെ കുട്ടികള്‍ ഉണര്‍ന്നു. രണ്ടു പേരും കുളിമുറിയില്‍ കയറി പരിസരവാസികളെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചു. ആള്‍ക്കാര്‍ ഓടിക്കൂടുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് വീടിന്റെ മുകള്‍ നിലയിലെ കിടപ്പുമുറിയിലെത്തുമ്പോഴേക്കും രമാനന്ദഷെട്ടി മരണപ്പെട്ടിരുന്നു. അശ്വിനി ഷെട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സെന്‍ട്രല്‍ എ.സിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു ഇടയാക്കിയതെന്നു അധികൃതര്‍ പറഞ്ഞു.