ഗാന്ധിനഗര്‍: ലോകത്ത് എവിടെയെങ്കിലും ഒരു സമ്പൂര്‍ണ സസ്യാഹാര നഗരമുണ്ടോ? ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാലിനാറ്റ പ്രപഞ്ചത്തിലെ ആദ്യ സസ്യാഹാര നഗരമാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ജൈനമത വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാലിനാറ്റ ഏറ്റവും ശുദ്ധവും ആദരണീയവുമായി അവര്‍ പരിപാലിക്കുന്നു. ഇവിടെ ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നത് നിരോധിച്ചിട്ടുണ്ട്. മാത്രമല്ല മുട്ടയും മാംസവും വില്‍ക്കുന്നതും കര്‍ശനമായി തടഞ്ഞിട്ടുണ്ട്. ലോകത്ത് ജനങ്ങളും അധികൃതരും ഇത്രയും ഇച്ഛാശക്തിയോടെ ഭക്ഷണ സമ്പ്രദായത്തില്‍ നിഷ്‌കര്‍ഷത പാലിക്കുന്ന മറ്റൊരു സ്ഥലം ഇതുവരെ മറ്റെവിടെയും ഇല്ലെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. 2014വരെ പാലിനാറ്റയില്‍ അറവുശാല പ്രവര്‍ത്തിച്ചിരുന്നു. മൃഗങ്ങളെ അറുത്തുന്നതിനെതിരെ 200 ജൈന സന്യാസിമാര്‍ രംഗത്തുവന്നു. ഇവര്‍ നിരാഹാര സമരം നടത്തുകയും പാലിറ്റാനയിലെ അറവുശാല നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അറവുശാല തുടര്‍ന്നാല്‍ മൃഗങ്ങള്‍ക്കു പകരം തങ്ങളെ കൊല്ലേണ്ടിവരുമെന്ന താക്കീത് ഉയര്‍ന്നതോടെ സര്‍ക്കാര്‍ അറവുശാലയും മൃഗങ്ങളെ കൊല്ലുന്നതും നിരോധിച്ചു. മാംസാഹാരത്തിന് പകരം പാലും നെയ്യും തൈരും നഗരത്തില്‍ വില്‍പന നടത്താനുള്ള സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തുകയായിരുന്നു. ഇപ്പോള്‍ പാലിനാറ്റ ഗുജറാത്തില്‍ മാത്രമല്ല ലോകത്തു തന്നെ അറിയപ്പെടുന്ന തീര്‍ഥാടക നഗരമാണ്.