കോയമ്പത്തൂര്‍: നാലുവര്‍ഷത്തിനിടയില്‍ 68 വീടുകളില്‍ നിന്നായി 1500 പവന്‍ സ്വര്‍ണ്ണവും 1.76 കോടി രൂപയും കവര്‍ച്ച ചെയ്ത കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ‘റോഡ്മാന്‍’ എന്ന പേരില്‍ കുപ്രസിദ്ധനായ മൂര്‍ത്തി (36)ആണ് കോയമ്പത്തൂരില്‍ പിടിയിലായത്. മൂര്‍ത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതിയില്‍ അഭിഭാഷകയായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. പ്രതികളില്‍ നിന്നു രണ്ട് കാര്‍, ആറ് ബൈക്ക് എന്നിവയും 13 ലക്ഷം രൂപ വില വരുന്ന സൂപ്പര്‍ ബൈക്കും കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
റെയില്‍വെ ട്രാക്കിനോട് ചേര്‍ന്നുള്ള വീടുകളില്‍ മാത്രമാണ് മൂര്‍ത്തി മോഷണം നടത്തിയിരുന്നത്. മോഷണത്തിന് ശേഷം ബസുകളില്‍ മാത്രമാണ് മൂര്‍ത്തി സഞ്ചരിക്കാറ്. മോഷ്ടിച്ച പണം ഉപയോഗിച്ച് മൂര്‍ത്തി രാജപാളയത്ത് 4 കോടിയുടെ മില്ല് വാങ്ങിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പണം കൈകാര്യം ചെയ്തിരുന്നത് ഭാര്യയായ പ്രിയയാണെന്നും കൂട്ടിച്ചേര്‍ത്തു.
