സ്ത്രീകളെ തടങ്കലില്‍ വച്ചു; ഐഎസ് തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാഖ് കോടതി വധശിക്ഷക്ക് വിധിച്ചു

ബാഗ്ദാദ്: ഐഎസ് തലവനായിരുന്ന അന്തരിച്ച അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യക്ക് ഇറാഖ് കോടതി വധശിക്ഷക്ക് വിധിച്ചു. ഇറാഖിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരമാണ് പടിഞ്ഞാറന്‍ ബാഗ്ദാദിലെ കോടതി ശിക്ഷ വിധിച്ചത്. ഭീകരവാദ സംഘടനയുമായുള്ള പങ്കും യസീദി സ്ത്രീകളെ തടങ്കലില്‍ വച്ചതിനുമാണ് ഇറാഖി കോടതി വധശിക്ഷ വിധിച്ചതെന്ന് കോടതി വ്യക്തമാക്കി. വടക്കന്‍ ഇറാഖിലെ സിന്‍ജാറില്‍ ഐഎസ് ഭീകരവാദികള്‍ തട്ടിക്കൊണ്ടുപോയ യസീദി സ്ത്രീകളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ മൊസൂളിലെ വീട് ഉപയോഗിച്ചതിനും ഐഎസുമായി സഹകരിച്ചുവെന്നും പ്രൊസിക്യൂഷന്‍ ആരോപിച്ചു. എന്നാല്‍ കോടതിയില്‍ അവര്‍ കുറ്റം നിഷേധിച്ചിരുന്നു.
ഉം ഹുദൈഫ എന്ന അസ്മ മുഹമ്മദ് എന്നാണ് ഇവരുടെ പേരെന്ന് ആഭ്യന്തര മന്ത്രാലയം സൂചിപ്പിക്കുന്നു. അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ ഇവരെ തൂക്കിലേറ്റും. അഞ്ച് വര്‍ഷം മുമ്പാണ് പ്രത്യേക ഓപ്പറേഷനിലൂടെ ബാഗ്ദാദിയെ യുഎസ് സേന വധിച്ചത്. തുര്‍ക്കിയില്‍ തടവിലാക്കപ്പെട്ട അല്‍ ബാഗ്ദാദിയുടെ കുടുംബത്തിലെ ചിലരെ തിരിച്ചയച്ചതായി ഫെബ്രുവരിയില്‍ ഇറാഖ് പ്രഖ്യാപിച്ചിരുന്നു. അല്‍-ബാഗ്ദാദിക്ക് നാല് ഭാര്യമാരുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തുരങ്കത്തില്‍ സൈന്യം വളഞ്ഞപ്പോള്‍ രണ്ട് കുട്ടികളും കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ നാല് ഭാര്യമാരില്‍ രണ്ടുപേരും വെടിവെപ്പില്‍ കൊല്ലപ്പെട്ടു. ഐഎസില്‍ ചേര്‍ന്ന നൂറുകണക്കിന് പേരെ ഇറാഖ് കോടതി വധശിക്ഷയ്ക്ക് വിധേയമാക്കിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page