കാത്തിരിപ്പുകള്‍ക്ക് വിരാമമായി. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ സാന്‍ ഫെര്‍ണാണ്ടോ മദര്‍ഷിപ്പിനെ വിഴിഞ്ഞം സ്വീകരിച്ചു. ഏഴേകാലോടെ തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലേക്ക് എത്തിയ കപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി വിഴിഞ്ഞം വരവേറ്റു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികള്‍ കപ്പലിനെ സ്വീകരിച്ചത്. സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട്, എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്. മാര്‍ഷല്‍ ദ്വീപ് പതാകയേന്തിയ കപ്പല്‍ ജൂലൈ 2 നാണ് സിയാമെനില്‍ നിന്ന് പുറപ്പെട്ടത്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും പുറപ്പെട്ട കപ്പല്‍ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തിയത്. രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ ഈ കപ്പലിന് ഒന്‍പത് വര്‍ഷം പഴക്കമുണ്ട്. മുന്നൂറുമീറ്റര്‍ നീളവും 48 മീറ്റര്‍ വീതിയുമുണ്ട് സാന്‍ ഫെര്‍ണാണ്ടോയ്ക്ക്. നാളെയാണ് ട്രയല്‍ റണ്‍ നടക്കുക.
വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. ചടങ്ങിനു വമ്പന്‍ ജനാവലിയെ പങ്കെടുപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം തുറക്കുന്നതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലും പുതിയ അധ്യായം തുറക്കുകയാണ്. ചരക്ക് കപ്പലെത്തി ട്രയല്‍ റണ്‍ പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായെന്ന് പറയാം.
