കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ ചിപ്പാര്‍, ബെദിമൂലയിലെ അന്തൂഞ്ഞി ഹാജിയുടെ (64) ആകസ്മിക വേര്‍പാട് നാടിനെ കണ്ണീരിലാഴ്ത്തി. അവസാന നിമിഷം വരെ മുസ്ലിം ലീഗിനെ നെഞ്ചോടു ചേര്‍ത്തു പിടിച്ച ഇദ്ദേഹം മഞ്ചേശ്വരത്തിന്റെ വികസന കാര്യങ്ങളിലും ഏറെ ശ്രദ്ധേയനായിരുന്നുവെന്നു ലീഗ് നേതാക്കള്‍ അനുസ്മരിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് എല്‍.ജി.എം.എല്‍ ബുധനാഴ്ച സംസ്ഥാന വ്യാപകമായി പഞ്ചായത്തു ഓഫീസുകള്‍ക്കു മുന്നില്‍ ഒപ്പുമതില്‍ തീര്‍ത്തിരുന്നു. വൊര്‍ക്കാടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ഒപ്പുമതില്‍ ഉദ്ഘാടനം ചെയ്തത് അന്തൂഞ്ഞി ഹാജിയായിരുന്നു. ഇദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയായിരുന്നു ഇത്. ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു ഹാജി ജീവിതത്തോട് വിട വാങ്ങിയത്.
