കുമ്പള മര്‍ച്ചന്റ് വെല്‍ഫയര്‍ സഹകരണ സംഘത്തിലും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇഡി) അന്വേഷണത്തിന് സാധ്യത

കാസര്‍കോട്: കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫെയര്‍ സഹകരണ സംഘത്തില്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) അന്വേഷണം ഉണ്ടായേക്കുമെന്ന് സൂചന. മര്‍ച്ചന്റ്സ് വെല്‍ഫയര്‍ സഹകരണ സംഘത്തിന്റെ മറവില്‍ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ സൊസൈറ്റിയില്‍ ദീര്‍ഘനാളായി തുടരുന്നെന്ന് ബാങ്ക് ഡയറക്ടറായിരുന്ന വിക്രം പൈ ഇഡിയോട് പരാതിപ്പെട്ടു. വ്യാപാരികളുടെയും വ്യാപര സ്ഥാപനങ്ങളുടെയും ഉന്നമനവും പുരോഗതിയും ലക്ഷ്യമാക്കി സ്ഥാപിച്ച കുമ്പള മര്‍ച്ചന്റ്സ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി കുമ്പളയിലെ കെട്ടിട ഉടമകളുടെ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്ന് പരാതിയില്‍ പറഞ്ഞു. മിക്ക കെട്ടിട ഉടമകള്‍ക്കും പത്തില്‍പ്പരം സേവിംഗ് ബാങ്ക് അക്കൗണ്ടുകള്‍ സംഘത്തിലുണ്ടെന്നു പരാതിയില്‍ പറഞ്ഞു. ഇവരുടെ കെട്ടിടങ്ങളുടെ വാടക, വാടകക്കാര്‍ ഈ അക്കൗണ്ട് നമ്പറുകളിലാണ് നിക്ഷേപിക്കുന്നത്. ഈ തുക പലിശയടക്കം വര്‍ഷത്തിലൊരിക്കല്‍ കെട്ടിടം ഉടമകള്‍ 1,90,000 കണക്കില്‍ അക്കൗണ്ടുകളില്‍ നിന്ന് ഒരുമിച്ച് പിന്‍വലിക്കുന്നു. ഇത് മൂലം കെട്ടിട വാടകക്കുള്ള ജി.എസ്.ടി പോലും പഞ്ചായത്തുകള്‍ക്ക് ലഭിക്കുന്നില്ല. ഈ തുകക്ക് ആദായ നികുതിയും നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത്തരത്തില്‍ നടക്കുന്ന ക്രമവിരുദ്ധ നടപടികള്‍ക്ക് പുറമെ വായ്പാ വിതരണത്തിലും വന്‍ ക്രമക്കേടുകള്‍ ഉള്ളതായി നിരവധി വ്യക്തികള്‍ സംഘത്തിനെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.
അടുത്ത കാലത്ത് സൊസൈറ്റി മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റാന്‍ ശ്രമമാരംഭിച്ചിട്ടുണ്ടെന്നും അതിന്റെ മറവിലും വന്‍ തട്ടിപ്പുണ്ടെന്നും ആക്ഷേപമുണ്ട്. 12,000 രൂപ വാടകക്ക് 1000 ചതുരശ്ര അടി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സൊസൈറ്റിക്ക് വേണ്ടി 600 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മറ്റൊരു കെട്ടിടം 18,000 രൂപക്കാണ് വാടകക്കെടുത്തിട്ടുള്ളതെന്നാണ് ആക്ഷേപമുയര്‍ന്നിട്ടുള്ളത്.
ഇതിനുള്ളില്‍ ലോക്കര്‍ സ്ഥാപിക്കുന്നതിന്റെ പേരിലും തീവെട്ടിക്കൊള്ളക്ക് കളമൊരുക്കുന്നുണ്ടെന്നും പരാതിയുണ്ട്. ബാങ്കില്‍ ആദ്യകാലത്ത് നടന്ന ലക്ഷങ്ങളുടെ തട്ടിപ്പ് ബാങ്ക് സെക്രട്ടറിയുടെ തലയില്‍ കെട്ടിവെച്ച് അവരെ സസ്പെന്റ് ചെയ്തിരുന്നു. ഇതിനെതിരെ 10 വര്‍ഷത്തോളം ഹൈക്കോടതി വരെ സെക്രട്ടറി കേസ് നടത്തുകയും ഒടുവില്‍ 10 വര്‍ഷത്തെ ശമ്പളം ഒന്നിച്ച് അവര്‍ക്ക് നല്‍കാന്‍ വിധിയുണ്ടാവുകയും ചെയ്തിരുന്നു.
25 വര്‍ഷത്തോളം ബാങ്ക് പ്രസിഡണ്ടായിരുന്ന എം. അബ്ബാസിനെ സംഘത്തിലെ ക്രമക്കേടുകളെത്തുടര്‍ന്ന് സഹകരണ വകുപ്പ് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. മുസ്ലിം ലീഗിന്റെയും വ്യാപാരി സംഘടനയുടെയും നേതാവായ അദ്ദേഹം സ്ഥാനഭ്രഷ്ടനായ ശേഷം ലീഗ് നേതാവായ സത്താര്‍ ആരിക്കാടിയായിരുന്നു സൊസൈറ്റി പ്രസിഡണ്ടായിരുന്നത്. ഈ ഭരണസമിതിയെയാണ് ഭൂരിപക്ഷം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് പുറത്താക്കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page