ന്യൂഡല്‍ഹി: ലഹരിമരുന്ന് ഉപയോഗം മൂലം ത്രിപുരയിലെ 828 വിദ്യാര്‍ഥികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായും ഇവരില്‍ 47 പേര്‍ ഇതിനകം മരിച്ചതായും ത്രിപുര എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി (ടിഎസ്എസിഎസ്). എച്ച്‌ഐവി ബാധിതരില്‍ പലരും സംസ്ഥാനത്തിനു പുറത്തു രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ ഉന്നതപഠനം നടത്തുകയാണെന്നും ടിഎസ്എസിഎസ് ജോയിന്റ് ഡയറക്ടര്‍ പറഞ്ഞു. ലഹരിമരുന്ന് അടിമകള്‍ക്കിടയില്‍ എച്ച്‌ഐവി ബാധിക്കുന്നതു പ്രധാനമായും ഒരേ സിറിഞ്ച് പങ്കുവയ്ക്കുന്നതിലൂടെയാണെന്നും ടിഎസ്എസിഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 220 സ്‌കൂളുകളിലും 24 കോളജുകളിലും വിദ്യാര്‍ഥികള്‍ ഒരേ സിറിഞ്ച് പങ്കുവച്ച് ലഹരി കുത്തിവയ്ക്കുന്ന പതിവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ദിനംപ്രതി അഞ്ചുമുതല്‍ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതര്‍ വ്യക്തമാക്കി. ത്രിപുര ജേര്‍ണലിസ്റ്റ് യൂണിയന്‍, വെബ് മീഡിയ ഫോറം, ത്രിപുര സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിച്ച വര്‍ക്ഷോപ്പിലാണ് സംസ്ഥാനത്തെ എച്ച്.ഐ.വി. സാഹചര്യം വിലയിരുത്തിയത്.
