കാസർകോട്: കുമ്പള റെയിൽവേ സ്റ്റേഷനിൽ അവശനിലയിൽ കണ്ട വയോധികനെ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് അവശനിലയിൽ പുതുതായി നിർമ്മിക്കുന്ന വിശ്രമമുറിയിൽ കണ്ടെത്തിയത്. ഓട്ടോ ഡ്രൈവർമാർ ചേർന്ന് എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് കുമ്പള പൊലീസ് അധികൃതരെ വിവരമറിയിച്ചു. പൊലീസ് എത്തിയതിനു ശേഷം വയോധികനോട് മേൽവിലാസം ആരാഞ്ഞു. തലശ്ശേരിയാണ് സ്വദേശം എന്ന് വ്യക്തമായി. 65 വയസ്സ് പ്രായമുള്ള മോഹനൻ എന്ന വ്യക്തിയാണെന്നും തിരിച്ചറിഞ്ഞു. കുമ്പളയിലും പരിസരങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പോലീസ് മഞ്ചേശ്വരത്തെ സ്നേഹാലയവുമായി ബന്ധപ്പെടുകയായിരുന്നു. ആംബുലൻസിലാണ് പൊലീസും ഓട്ടോ ഡ്രൈവർമാരും വയോധികനെ മഞ്ചേശ്വരത്തെ സ്നേഹാലയത്തിലേക്ക് എത്തിച്ചത്. വയോധികന്റെ ബന്ധുക്കളെ വിവരമറിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
