പ്രസവത്തിനിടെ ജനനേന്ദ്രിയം മുറിഞ്ഞ് നവജാത ശിശുവിന് ദാരുണാന്ത്യം. കര്‍ണാടകയിലെ ദേവനഗര്‍ ജില്ലയിലാണ് സിസേറിയനിടെ ഡോക്ടര്‍ കുഞ്ഞിന്‍റെ ജനനേന്ദ്രിയം മുറിച്ചുവെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ചികില്‍സയിലിരുന്ന കുഞ്ഞ് കഴിഞ്ഞ ദിവസമാണ് മരിച്ചത്. അമൃത എന്ന 27കാരിയുടെ കുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ ജൂണ്‍ 17നു യുവതിയെ പ്രസവത്തിനായി ചിഗത്തേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാധാരണ പ്രസവം സാധ്യമല്ലാത്തതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ നിർദേശിക്കുകയായിരുന്നു. വീട്ടുകാർ സമ്മതവും നൽകി. എന്നാല്‍ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ നിസാമുദ്ദീന്‍ കുഞ്ഞിന്‍റെ സ്വകാര്യഭാഗം മുറിക്കുകയായിരുന്നുവെന്ന് അമൃതയും ഭര്‍ത്താവ് അര്‍ജുനും പറയുന്നു. കുഞ്ഞിന്‍റെ നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. ചികില്‍സ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
