‘സബ് കലക്ടര്‍മാര്‍ എന്നും രാവിലെ നാട്ടിന്‍ പുറത്തുകൂടി നടന്നു ശീലിക്കണം’… പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യ ദശകത്തില്‍ മലബാറിലെ ബ്രിട്ടീഷ് സിവില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് വേണ്ടി തയ്യാറാക്കിയ ഐസിഎസ് മാനുവലിലെ ഒരു നിര്‍ദ്ദേശം.
കേരള സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയായിരുന്ന സിപി നായര്‍ ഐഎഎസിന്റെ സര്‍വീസ് സ്റ്റോറി (‘എന്ദരോ മഹാനുഭാവലു’) യില്‍ നിന്ന്. അദ്ദേഹം സര്‍വീസിന്റെ തുടക്കത്തില്‍ മലപ്പുറം സബ് കളക്ടര്‍ ആയിരിക്കെ തന്റെ ഓഫീസ് മുറിയില്‍ കാണപ്പെട്ട വളരെക്കാലമായി ആരും തുറക്കാതിരുന്ന ഒരു പെട്ടി തുറന്നു നോക്കിയപ്പോള്‍ കിട്ടിയ പഴയ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒന്ന് ഈ സര്‍വീസ് മാനുവല്‍. അതിലാണ് മേല്‍പറഞ്ഞ നിര്‍ദ്ദേശം ഉണ്ടായിരുന്നത്- സബ് കളക്ടര്‍മാര്‍ പ്രഭാത സവാരി നിര്‍ബന്ധമാക്കണം എന്ന്.
സായിപ്പ് ഇന്ത്യയില്‍ നിന്ന് കെട്ടുകെട്ടിയതോടെ ഈ മാനുവലും കല്‍പ്പനയും കാലഹരണപ്പെട്ടു; എങ്കിലും ഇന്നും പ്രസക്തിയുണ്ട്. സബ് കളക്ടര്‍മാര്‍ മാത്രമല്ല, അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്ന എല്ലാവരും-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അധികാരം കയ്യാളുന്നവരും എന്നും രാവിലെ തങ്ങളുടെ ഓഫീസുകളുടെ തൊട്ടടുത്തു കൂടിയെങ്കിലും നടക്കുന്നത് പതിവാക്കിയിരുന്നെങ്കില്‍! ഒരു പ്രഭാത വ്യായാമം എന്ന നിലയ്ക്കല്ല ഔദ്യോഗിക ചുമതലയുടെ ഭാഗമായിട്ട് തന്നെ.
പൊട്ടിപ്പൊളിഞ്ഞ പാതാളഗര്‍ത്തങ്ങള്‍ സര്‍വ്വത്ര. പാതയോരത്തെ അഴുക്കുചാലുകള്‍, നിറഞ്ഞു കവിഞ്ഞ് ഓടകള്‍. ശുചിമുറികളില്‍ നിന്നുള്ള മലിനജലം പൊതുസ്ഥലത്തേക്ക് നമ്മുടെ നഗരസഭ കാര്യാലയത്തിന്റെ പരിസരത്തും ഇത്തരം സചിത്രവാര്‍ത്ത വരാന്‍ കാത്തിരിക്കുന്നതുപോലെ.
നമ്മുടെ സിവില്‍ സ്റ്റേഷനും ജില്ലാ പഞ്ചായത്ത് കാര്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാനഗറിലെ അവസ്ഥയും വ്യത്യസ്തമല്ല. വ്യവസായ കേന്ദ്രം എന്ന ബോര്‍ഡ് കണ്ട് അങ്ങോട്ട് കടന്നാലോ? പൊട്ടിപ്പൊളിഞ്ഞ റോഡ് അപകടക്കുഴികള്‍, ചെറിയൊരു മഴപെയ്താല്‍ മതി; ഇല്ലെങ്കിലും വെള്ളക്കെട്ട്. ജില്ലാ കോടതിയിലും മറ്റും പോകാനുള്ള കുറുക്ക് വഴിയല്ലേ എന്ന് വെച്ച് അങ്ങോട്ട് തിരിഞ്ഞാലോ? പെട്ടത് തന്നെ.
സിവില്‍ സ്റ്റേഷന്‍ ബസ്റ്റോപ്പില്‍ ബസിറങ്ങി ജില്ലാ പഞ്ചായത്ത് ഓഫീസിലേക്കും കളക്ടറേറ്റിലേക്കും എളുപ്പവഴി തേടി പോയാല്‍ ചെന്നെത്തുക വെള്ളക്കുഴിയില്‍. അടര്‍ന്നു നില്‍ക്കുന്ന കല്ലുകള്‍. സൂക്ഷിച്ച് ചവിട്ടിയില്ലെങ്കില്‍ അപകടം ഉറപ്പ്. എത്രയോ കാലമായി ഇതാണ് സ്ഥിതി. ഉന്നതോദ്യോഗസ്ഥന്മാര്‍ ഔദ്യോഗിക വാഹനങ്ങളില്‍ പോകുന്നതും വരുന്നതും ഇതുവഴിയല്ലല്ലോ. അവര്‍ ഇതൊന്നും കാണുകയില്ല; അനുഭവിക്കുകയും വേണ്ട. ഒന്നും അറിഞ്ഞിട്ടേയില്ല! ഗതികേട് സാധാരണക്കാര്‍ക്ക്.
നഗരത്തിലെ കാര്യവും വ്യത്യസ്തമല്ല. കോടികള്‍ ചെലവിട്ട് പടുത്തുയര്‍ത്തിയ മത്സ്യ മാര്‍ക്കറ്റ് ഉണ്ട്. മത്സ്യ വില്പന പഴയപടി പുറത്തുതന്നെ. ദുര്‍ഗന്ധം അസഹ്യം. ആവശ്യത്തിന് ശുചിമുറികള്‍ ഇല്ല. നഗരത്തില്‍ എത്രയോ കാലമായി ഇതേ സ്ഥിതിയാണ്. ഭരണം കൈയാളുന്നവരുടെ കൃത്യനിര്‍വഹണത്തിന് ഓഫീസില്‍ ഓരോ മുറിയിലും ടോയ്‌ലറ്റ് ഉണ്ട്. ഓഫീസില്‍ വരേണ്ട നികുതി ദായകര്‍ വീര്‍പ്പുമുട്ടി അടക്കി പിടിക്കണം. ഇല്ലെങ്കില്‍ പഴഞ്ചൊല്ലില്‍ പറയുന്നതുപോലെ, ആസനം മുട്ടിയാല്‍ അമ്പലം വെണ്‍പറമ്പ്. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് മലയാളത്തിലെ ‘പഴഞ്ചൊല്‍ മാല’യില്‍ ചൂണ്ടിക്കാട്ടിയത്. അന്നേ ഇതായിരിക്കും സ്ഥിതി. ഇപ്പോഴും അതേപടി (പഴഞ്ചന്‍മാല-1850ല്‍)
മാലിന്യം അലക്ഷ്യമായി വലിച്ചെറിയുക എന്നത് സാര്‍വ്വലൗകിക- സര്‍വ്വകാലിക പ്രതിഭാസമാണ.് അയ്യപ്പപ്പണിക്കരുടെ നര്‍മ്മ കവിതയിലെ നായിക മേരിക്കുട്ടി ചോദിക്കുന്നു ‘നമ്മള്‍ക്ക് ചവറിടാന്‍ അല്ലെങ്കില്‍ നമ്മുടെ മുമ്പില്‍ ഈ റോഡ് എന്തിനാ?’
റോമന്‍ കത്തോലിക്കാ സഭയുടെ ‘പാപപ്പട്ടിക’ മാറ്റിയെഴുതിയത് 2008ല്‍. കാലോചിതമാക്കിയതാണ്. അഹങ്കാരം, ദ്രവ്യാഗ്രഹം, കോപം, മോഹം, കൊതി, അസൂയ, മടി ഇവയായിരുന്നു സപ്ത പാപങ്ങള്‍. ഇവ ലംഘിക്കുന്നവര്‍
നരകത്തില്‍. പുതിയ പട്ടികയിലെ ഒന്നാമത്തെ പാപം ‘പ്ലാസ്റ്റിക് മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയല്‍’. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ വിശ്വസ്താനുയായി മോണ്‍സിഞ്ഞോര്‍ ഗിയാന്‍ ഫ്രാങ്കോ ഗിരോഡി, സഭയുടെ ഔദ്യോഗിക മാധ്യമമായ ‘ഒബ്‌സര്‍ വെത്തോരെ റൊമാനോ’വിലൂടെ അറിയിച്ചതാണ് പുതിയ പാപപ്പട്ടികയുടെ കാര്യം. (ഇന്ത്യന്‍ എക്‌സ്പ്രസ് 11.3.2008) ‘പൊല്യൂട്ടിങ്ങ് ദ എന്‍വയോണ്‍മെന്റ് ലിഡഡ്‌സിന്‍’ എന്ന.് പരിസ്ഥിതി മലിനീകരണം മാരക പാപം.
ജില്ലാ ഭരണകൂടം കണ്ണുരുട്ടി; പടന്നക്കാട്ട് മേല്‍പ്പാലത്തിലെ കുഴിയടച്ചു എന്ന് വാര്‍ത്ത. (3.7.2024 മാതൃഭൂമി) എന്നാല്‍, ഭരണകൂടം ആസ്ഥാന പരിസരത്ത് സമാനസ്ഥിതിയാണ് എന്നറിഞ്ഞിട്ടില്ല. അതുകൊണ്ടാവാം കണ്ണുരുട്ടാത്തത്. സായ്പിന്റെ സര്‍വീസ് മാനുവലിന്റെ പ്രസക്തി ഇവിടെയാണ്- ‘പ്രഭാത സവാരി’ അത് നടത്തിയിരുന്നെങ്കില്‍, നേരിട്ട് കണ്ടറിയുമായിരുന്നു.
‘ബേക്കല്‍ കോട്ടയിലെ മാലിന്യം നീക്കാന്‍ നടപടിയില്ല’- എന്ന.് പ്ലാസ്റ്റിക് ബോട്ടിലുകള്‍, ചെരിപ്പ്, ഡയപ്പറുകള്‍-പലതും കലുങ്കിനടിയിലും പള്ളിക്കും ക്ഷേത്രത്തിനും സമീപത്തും-ആരാണ് ഇതെല്ലാം നീക്കേണ്ടത? നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ആവശ്യപ്പെടേണ്ടത് ആരാണ്? ആരോടാണ് ആവശ്യപ്പെടേണ്ടത്? ‘നമ്മള്‍ക്ക് ചവറിടാനല്ലെങ്കില്‍ മുമ്പില്‍ റോഡെന്തിനാ’ എന്ന് ചോദിക്കുന്നവരാണ് സര്‍വ്വത്ര! പാപപ്പട്ടിക പുതുക്കിയിട്ടും കാര്യമില്ല. നരകാനുഭവം ഇഹലോകത്ത് തന്നെയുണ്ടല്ലോ.
