ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ലേഖനവും ചര്‍ച്ചയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് എംഎ ബേബി. വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറയുന്നു. ഒരു പരിധിവരെ അഭിമാനകരമായ അംഗബലമുണ്ടായിരുന്നിടത്തുനിന്നാണ് നിരാശ പരത്തുന്ന ഈ അവസ്ഥയില്‍ കമ്മ്യൂണിസ്റ്റാപാര്‍ട്ടികളും ഇടതുപക്ഷവും ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. സിപിഎം സ്വാധീനത്തില്‍നിന്നും മറ്റുപാര്‍ട്ടികളില്‍നിന്നും കേരളത്തില്‍പോലും ബിജെപി വോട്ടുചോര്‍ത്തുന്നുവെന്നത് ഉത്കണ്ഠാജനകമാണെന്നും ബേബി വ്യക്തമാക്കി. പാര്‍ട്ടിയുടെ ബഹുജന സ്വാധീനത്തില്‍ ചോര്‍ച്ചയും ഇടിവും സംഭവിച്ചിട്ടുണ്ട്. ഇതിന് വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടോ എന്ന് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ക്ക് ഇടമുണ്ടാകണം. വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം. ജനങ്ങളോട് പറയുന്നത് പോലെ ജനങ്ങള്‍ പറയുന്നത് കേള്‍ക്കുകയും വേണമെന്നും അല്ലെങ്കില്‍ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ആകില്ലെന്നാണ് എംഎ ബേബി ഓര്‍മ്മിപ്പിക്കുന്നത്. ആവശ്യമായ തിരുത്തലുകള്‍ ക്ഷമാപൂര്‍വം കൈക്കൊള്ളണമെന്നു കൂടി പറയുന്നതാണ് ലേഖനത്തിന്റെ ഉള്ളടക്കം. തോമസ് ഐസകിന് പിന്നാലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണവും പരിഹാരവും നിര്‍ദ്ദേശിക്കുന്നതാണ് എംഎ ബേബിയുടെ ലേഖനം.