ഒടുവിൽ കെഎസ്ഇബി തോറ്റു, 30 മണിക്കൂറിനു ശേഷം അജ്മലിന്റെ വീട്ടിൽ വൈദ്യുതി പുനസ്ഥാപിച്ചു, ഇത് പോരാട്ടത്തിന്റെ വിജയം എന്ന് പിതാവ് റസാഖ്

തിരുവനന്തപുരം: തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസ് ആക്രമണത്തെത്തുടര്‍ന്ന് അജ്മലിന്റെ വീട്ടില്‍ കെഎസ്ഇബി വിച്ഛേദിച്ച വൈദ്യുതി പുനഃസ്ഥാപിച്ചു. കലക്ടറുടെ നിര്‍ദേശത്തെത്തുടര്‍ന്ന് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി പുനഃസ്ഥാപിക്കുകയായിരുന്നു.
അതേസമയം തഹസിൽദാരുടെ സത്യവാങ്മൂലത്തിൽ ഒപ്പുവയ്ക്കാൻ റസാഖും കുടുംബവും തയ്യാറായില്ല.
ശനിയാഴ്ചയായിരുന്നു അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. തുടർന്ന് വലിയ രീതിയിലുള്ള പ്രതിഷേധത്തെ തുടർന്ന് 30 മണിക്കൂറിന് ശേഷമാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണ്ടെന്നും അജ്മലിന്‍റെ പിതാവ് റസാഖ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവർക്കും നന്ദി ഉണ്ടെന്ന് റസാഖിന്‍റെ ഭാര്യ മറിയം പറഞ്ഞു. ബില്‍ അടയ്ക്കാത്തതിനെത്തുടര്‍ന്ന് തിരുവമ്പാടി ഉള്ളാട്ടില്‍ ഹൗസിലെ റസാക് എന്നയാളുടെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതിന്റെ പ്രതികാരമായി മകന്‍ അജ്മല്‍ എന്നയാളും കൂട്ടാളിയും ചേര്‍ന്ന് വെള്ളിയാഴ്ച കെ എസ് ഇ ബി ലൈന്‍മാന്‍ പ്രശാന്ത് പി, സഹായി അനന്തു എം കെ എന്നിവരെ കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതു സംബന്ധിച്ച്‌ സെക്ഷന്‍ അസിസ്റ്റന്റ് എൻജിനീയര്‍ പ്രശാന്ത് പി എസ് തിരുവമ്പാടി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കേസെടുത്തത് അറിഞ്ഞ് അജ്മല്‍ കൂട്ടാളി ഷഹദാദുമൊത്ത് ശനിയാഴ്ച രാവിലെ സെക്ഷന്‍ ഓഫീസിലെത്തി അതിക്രമം കാട്ടുകയായിരുന്നു.
രാവിലെ സണ്‍റൈസ് മീറ്റിംഗ് സമയത്ത് സെക്ഷന്‍ ഓഫീസില്‍ കടന്നുകയറിയ അക്രമികള്‍ അസിസ്റ്റന്റ് എഞ്ചിനീയറുടെ ശരീരത്ത് ഭക്ഷണാവശിഷ്ടങ്ങളുള്ള മലിന ജലം ഒഴിക്കുകയും സ്ത്രീകളുള്‍പ്പെടെയുള്ള ജീവനക്കാരെ മര്‍ദ്ദിക്കുകയുമുണ്ടായി. പുറത്തിറങ്ങിയാല്‍ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ തച്ചുതകര്‍ത്ത് വലിയ തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. മര്‍ദ്ദനമേറ്റ അസി. എൻജിനീയറും നാല് ജീവനക്കാരും ഇപ്പോള്‍ മുക്കം ഗവ. ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമികള്‍ക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
ഓഫീസിലെ ആക്രമണത്തിൽ മൂന്നു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കെഎസ്ഇബിയുടെ റിപ്പോർട്ട്. പിന്നാലെയാണ് ബോര്‍ഡ് ചെയര്‍മാൻ വൈദ്യുതി ബന്ധം വീണ്ടും വിച്ഛേദിക്കാൻ ഉത്തരവിട്ടത്. അജ്മലിൻ്റെ പിതാവ് റസാഖിന്റെ പേരിലുള്ളതാണ് വൈദ്യുതി കണക്ഷൻ. അക്രമികളുടെ വീട്ടിലേക്കുള്ള വൈദ്യുതിയാണ് വിച്ഛേദിച്ചതെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതിനു പിന്നാലെ കേസിലെ പ്രതി അജ്മലിന്റെ പിതാവ് യൂ സി റസാക്കും ഉമ്മ മറിയവുമാണ് കെഎസ്ഇബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുകയായിരുന്നു. എന്നാൽ മക്കൾ ചെയ്ത കുറ്റത്തിന് മാതാപിതാക്കളെ ശിക്ഷിക്കുന്ന കെഎസ്ഇബിയുടെ നടപടി വലിയ വിമർശനത്തിനും പ്രതിഷേധത്തിനും വഴിവെച്ചതോടെയാണ് തീരുമാനത്തിൽ നിന്ന് പിന്മാറാൻ കെഎസ്ഇബി തീരുമാനിച്ചത്. ഒടുവിൽ സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥർ ആക്രമിച്ചെന്ന അജ്മലിന്‍റെ അമ്മ മറിയത്തിന്‍റെ പരാതിയിൽ രണ്ട് കെഎസ്ഇബി ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്ഇബി ഉദ്യോഗസ്ഥരായ പ്രശാന്ത്, അനന്തു എന്നിവർക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page