കാസര്‍കോട്: മരണവീട്ടില്‍ പോയി മകനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന പിതാവ് കാറിടിച്ച് മരിച്ചു. മകന് ഗുരുതരമായി പരിക്കേറ്റു. കണ്ണൂര്‍, ഇരിക്കൂര്‍, നിലാമുറ്റം, ഏട്ടക്കയം സ്വദേശിയും തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ ബസ് ഡ്രൈവറുമായ കെ.വി ഹുസൈന്‍ (62)ആണ് മരിച്ചത്. മകന്‍ ഫൈസലി(40)നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ നീലേശ്വരം മേല്‍പ്പാലത്തിന് മുകളിലാണ് അപകടം. മംഗളൂരുവിലെ ബന്ധുവിന്റെ മരണവീട്ടില്‍ പോയി നാട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുവരും. നീലേശ്വരം മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ എതിരെ വന്ന കാറിടിക്കുകയായിരുന്നു. അപകടത്തിന് ഇടയാക്കിയ വാഹനം നിര്‍ത്താതെ പോയി. അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. നീലേശ്വരം ബങ്കളത്തെ ഒഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട കാര്‍ നീലേശ്വരം മധുസൂദനനും സംഘവുമാണ് കണ്ടെത്തിയത്. മാവുങ്കാലിലെ ഋഷികേശ് ആണ് കാര്‍ ഓടിച്ചിരുന്നത്.
സൈബുന്നീസ എ.പി.യാണ് ഹുസൈന്റെ ഭാര്യ. മറ്റുമക്കള്‍: ഫാസില, ഫസലുത്തുന്നീസ (അധ്യാപിക), ഫബ്‌സീന.