കാസര്‍കോട്: കുമ്പളയില്‍ പ്രവര്‍ത്തിക്കുന്ന മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റിവ് സൊസൈറ്റി ഭരണസമിതി സഹകരണ വകുപ്പ് പിരിച്ചുവിട്ടു. സൊസൈറ്റിയുടെ താല്‍ക്കാലിക ഭരണാധികാരിയായി സഹകരണ വകുപ്പ് യൂണിറ്റിലെ ഇന്‍സ്‌പെക്ടര്‍ ബൈജുരാജിനെ നിയമിച്ചു. 30 വര്‍ഷത്തിലധികമായി സൊസൈറ്റിയില്‍ നടക്കുന്ന സാമ്പത്തീക തരികിടകളും കൃത്രിമങ്ങള്‍ക്കുമെതിരെയുള്ള പരാതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. മര്‍ച്ചന്റ്‌സ് വെല്‍ഫേര്‍ സൊസൈറ്റിയില്‍ സഹകരണ നിയമങ്ങള്‍ അവഗണിച്ചുകൊണ്ട് കഴിഞ്ഞ കുറേ വര്‍ഷമായി തട്ടിപ്പുകള്‍ക്കും അഴിമതികള്‍ക്കുമെതിരെ സൊസൈറ്റി അംഗമായ വിക്രം പൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. പരാതിയില്‍ ഹൈക്കോടതി നടപടി ആരംഭിച്ചതോടെ സൊസൈറ്റിയിലെ മൂന്നംഗങ്ങള്‍ രാജിവച്ചിരുന്നു. ഒന്‍പതംഗ ഭരണ സമിതിയില്‍ നിന്ന് പരതിക്കാരനായ വിക്രം പൈ കഴിഞ്ഞ വര്‍ഷം ജൂണില്‍ രാജിവച്ചിരുന്നു. അതിന് ശേഷം സര്‍ക്കാര്‍ ജീവനക്കാരനും ഡയരക്ടറുമായിരുന്ന സതീശനും രാജിവച്ചു. ഇതോടെ ഏഴംഗ ഭരണസമിതിയാണ് ഭരണം തുടര്‍ന്നിരുന്നത്. സൊസൈറ്റിക്കെതിരെയുള്ള അഴിമതി ആരോപണങ്ങളെ കുറിച്ചു കോടതി നടപടികള്‍ ആരംഭിച്ചുവെന്ന സൂചനയെ തുടര്‍ന്ന് ഡയരക്ടര്‍മാരായ ബി ശ്രീനിവാസ നായിക്, കെ ഗിരിജ, കെ വീണ എന്നിവര്‍ കഴിഞ്ഞ ദിവസം ഡയരക്ടര്‍ സ്ഥാനം രാജി വച്ചിരുന്നു.
ഇതോടെ സൊസൈറ്റിയുടെ 9 അംഗ ഭരണ സമിതിയില്‍ അംഗസംഖ്യ നാലായി കുറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സഹകരണ വകുപ്പ് സൊസൈറ്റി ഭരണസമിതി പിരിച്ചുവിട്ടത്. അതേസമയം വിവിധ ഏജന്‍സികളും സൊസൈറ്റിക്കെതിരെ അന്വേഷണത്തിന് നീക്കമാരംഭിച്ചിട്ടുള്ളതായി സൂചനയുണ്ട്.
