പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ മരിച്ചു. യാത്രക്കാര്‍ക്ക് പരിക്കേറ്റു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസില്‍ വിബിന്‍ദാസ്(33) ആണ് മരിച്ചത്. എടപ്പാള്‍ പൊന്നാനി റോഡില്‍ ഞായറാഴ്ച ഒരു മണിയോടെയാണ് അപകടം.
യാത്രക്കാരുമായി വന്ന ഓട്ടോയ്ക്ക് മുന്നില്‍ പൂച്ച ചാടിയതോടെ രക്ഷപ്പെടുത്താന്‍ വെട്ടിച്ചതാണ് അപകട കാരണം. ഓട്ടോ റോഡില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാര്‍ ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡ്രൈവര്‍ വിബിന്‍ ദാസിനെ രക്ഷിക്കാനായില്ല. യാത്രക്കാരുടെ പരിക്കുകള്‍ ഗുരുതരമല്ല.
