കാണാതായ എരുമയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍ എരുമയെത്തന്നെ ചുമതലപ്പെടുത്തിയ പൊലീസ് ബുദ്ധി

ലക്‌നൗ: ഒരു എരുമയുടെ ഉടമസ്ഥാവകാശം തെളിയിക്കാന്‍, ഉടമകളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ രണ്ട് പേര്‍ക്കും ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ പൊലീസ് എന്തു ചെയ്യും?
എരുമയുടെ ഉടമസ്ഥനെന്ന് അവകാശപ്പെട്ട് പരാതി നല്‍കിയ യു.പി.യിലെ മഹേഷ്ഗഞ്ച് റായ് അസ്‌കര്‍പൂര്‍ സ്വദേശി നന്ദലാല്‍ സരോജ്, എരുമയെ വളര്‍ത്തുന്ന പുരേയിലെ ഹരികേഷ് ഗ്രാമവാസി ഹനുമാന്‍ സരോജ് എന്നിവരെ പഞ്ചായത്ത് അധികൃതര്‍ വിളിച്ചു ചര്‍ച്ച ചെയ്‌തെങ്കിലും ഉടമസ്ഥത സ്ഥിരീകരിക്കാന്‍ കഴിയാതെ വിഷമിക്കുകയായിരുന്നു. വാദിയും പ്രതിയും ആരെന്ന് സംശയിക്കാന്‍ പോലും ഇട നല്‍കാത്ത തരത്തിലായിരുന്നു അവരുടെ അവകാശവാദം. രണ്ട് പേരും അതേ നിലപാടില്‍ ഉറച്ചു നിന്നതോടെ പൊലീസിനെ സമീപിക്കാന്‍ ഉപദേശിച്ച് പഞ്ചായത്ത് അധികൃതര്‍ ഇരുവരെയും പറഞ്ഞുവിട്ടു.
പഞ്ചായത്ത് പറഞ്ഞയച്ച കക്ഷികളുമായി മഹേഷ് ഗഞ്ച് പൊലീസ് ചര്‍ച്ച നടത്തി. അവിടെയും അവര്‍ രണ്ടുപേരും ഉടമകളെ പോലെ തന്നെ സംസാരിച്ചു.
ഇവരുടെ സംസാരം കേട്ട് ആശയക്കുഴപ്പത്തിലായ പൊലീസ് ഒടുവില്‍ എരുമ തന്നെ തീരുമാനമെടുക്കട്ടെയെന്ന് തീര്‍പ്പ് കല്‍പ്പിച്ചു.
പക്ഷെ, മിണ്ടാപ്രാണിയായ എരുമ എങ്ങനെ തീരുമാനിക്കുമെന്ന് പരാതിക്കാരനും എതിര്‍കക്ഷിയും അമ്പരന്നു. അതിനുള്ള മാര്‍ഗം തങ്ങള്‍ക്കറിയാമെന്ന് പൊലീസും പറഞ്ഞു.
എരുമയെ പൊലീസ് നടുറോഡില്‍ ഇറക്കിവിട്ടു. അവകാശികളെന്ന് അവകാശപ്പെട്ട രണ്ട് പേരെയും കൂട്ടി പൊലീസ് അതിന് പിന്നാലെ നടന്നു. എരുമ അതിന്റെ യഥാര്‍ത്ഥ ഉടമയുടെ വീട്ടിലേക്ക് സ്വയം നടന്നു. മാത്രമല്ല, സ്വന്തം തൊഴുത്തില്‍ കയറി നിന്നതോടെ പൊലീസിന്റെ ബുദ്ധിയില്‍ എല്ലാവരും അതിശയിച്ചു. യു.പി പൊലീസ് അപാരം തന്നെയെന്ന് വിവരമറിഞ്ഞവരെല്ലാം സമ്മതിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page