കാസര്‍കോട്: മൊഗ്രാല്‍ തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം രൂക്ഷമാവുന്നു. മൊഗ്രാല്‍ നാങ്കി കടപ്പുറത്ത് രണ്ടുവര്‍ഷം മുമ്പ് പുതുതായി നിര്‍മ്മിച്ച ബീച്ച് വ്യൂ റിസോര്‍ട്ട് കടലെടുക്കുന്ന അവസ്ഥയിലായി. റിസോര്‍ട്ടിന്റെ മതിലുകളും, ഒരു ഭാഗവും ഇതിനകം കടലെടുത്തു കഴിഞ്ഞു. പേരാല്‍ കണ്ണൂരിലെ മുഹമ്മദ് ഇര്‍ഷാദിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്.
വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസ്തുത സ്ഥലത്തുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മുഹമ്മദ്, ഖാലിദ് എന്നിവരുടെ വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇതിനു സമീപത്താണ് റിസോര്‍ട്ട് നിര്‍മ്മിച്ചത്. കഴിഞ്ഞവര്‍ഷത്തെ കടലാക്രമണത്തില്‍ നാങ്കിയില്‍ തന്നെ ഇത്തരത്തില്‍ നിര്‍മ്മിച്ച ഈമാന്‍ റിസോര്‍ട്ടിന്റെ മതിലുകളും, കെട്ടിടത്തിന്റെ ഒരു ഭാഗവും കടലെടുത്തിയിരുന്നു.
തീരദേശ നിയമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റിസോര്‍ട്ടിന് നിയമപരമായ അനുമതി നേടാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കെയാണ് പ്രകൃതി സ്വതസിദ്ധമായ പ്രതിഭാസങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പെര്‍വാഡ് കടപ്പുറത്തും നേരത്തെ കടലാക്രമണം ഉണ്ടായിരുന്നു.