കാസര്‍കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കാനറാ ബാങ്ക് കാസര്‍കോട് ശാഖയിലെ ജീവനക്കാരന്‍ ഹരീഷിന്റെയും മൊഗ്രാല്‍പുത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കുസുമയുടെയും മകള്‍ ഭൂമികയാണ് മരിച്ചത്.
കടുത്ത പനി ബാധിച്ച നിലയില്‍ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് ന്യൂമോണിയ ആണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വെച്ച് വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്.
കാര്‍ത്തിക ഏക സഹോദരിയാണ്.
അതേ സമയം ജില്ലയിലെ പനി ബാധിതരുടെ എണ്ണം ദിനം പ്രതി ഉയര്‍ന്നു കൊണ്ടിരിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലാ താലൂക്ക് ആശുപത്രികളിലും കാസര്‍കോട് ജനറല്‍ ആശുപത്രിയിലുമാണ് പനി ബാധിതര്‍ കൂടുതലായും എത്തുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്ന പനിബാധിതരുടെ എണ്ണവും കുറവല്ല. ഡെങ്കിപ്പനി പടരുന്നതായും ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.