കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചു. പൈവളിഗെ, കുരുടപ്പദവിലെ പരേതനായ മാങ്കുവിന്റെ ഭാര്യ ചോമു (64)വാണ് മരിച്ചത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. കോണ്‍ക്രീറ്റ് വീടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്നു ചോമു. ഏതോ ജീവിയുടെ കടിയേറ്റ് ചോമു ഞെട്ടിയുണര്‍ന്ന് മുറിയില്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സഹോദരനെ വിവരം അറിയിച്ചു. സഹോദരന്‍ ചോമുവിന്റെ കൈയില്‍ പരിശോധിച്ചപ്പോഴാണ് മുറിവ് കണ്ടെത്തിയത്. പാമ്പിന്റെ കടിയാണെന്ന സംശയത്തില്‍ വീട്ടിനകത്തെ മറ്റൊരു മുറിയില്‍ പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ ചുരുണ്ടു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.
ചോമുവിന് പാമ്പു കടിയേറ്റുവെന്ന് ഉറപ്പായതിനെ തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. തുടര്‍ന്ന് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
മകള്‍: അക്കു. മരുമകന്‍: അണ്ണു. സഹോദരങ്ങള്‍: മത്താടി, ഐത്ത.
ചോമുവിനെ കടിച്ച പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധരെത്തി പടികൂടി വനം വകുപ്പിന് കൈമാറി.