എം.എസ് മുഹമ്മദ് കുഞ്ഞിയുടെ നീന്തല്‍ പരിശീലനം 32-ാം വര്‍ഷവും

മൊഗ്രാല്‍: കോവിഡ് മഹാമാരിക്ക് ശേഷം മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ കഴിഞ്ഞ വര്‍ഷം പുനരാരംഭിച്ച മൊഗ്രാല്‍ ദേശീയവേദി പ്രവര്‍ത്തകന്‍ എം.എസ് മുഹമ്മദ് കുഞ്ഞിയുടെ സൗജന്യ നീന്തല്‍ പരിശീലനം 32-ാം വര്‍ഷത്തിലേക്ക്. കഴിഞ്ഞവര്‍ഷം മാത്രം 200 കുട്ടികളെ മുഹമ്മദ് കുഞ്ഞി നീന്തല്‍ പരിശീലിപ്പിച്ചു.
ഈ വര്‍ഷത്തെ പരിശീലനം ആരംഭിച്ചു. മൂന്നുപതിറ്റാണ്ട് പിന്നിടുമ്പോള്‍ 3,500ഓളം കുട്ടികള്‍ തന്റെ നിയന്ത്രണത്തില്‍ നീന്തല്‍ പരിശീലനം നേടിയതായി എം.എസ് മുഹമ്മദ് കുഞ്ഞി പറഞ്ഞു. വ്യായാമം, കായിക മികവ് എന്നതിന് പുറമെ ജീവന്‍ രക്ഷാമാര്‍ഗ്ഗം കൂടിയാണ് നീന്തല്‍. സംസ്ഥാനത്ത് മുങ്ങിമരണങ്ങള്‍ ദിവസേന റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മുഹമ്മദ് കുഞ്ഞിയുടെ ഈ വാക്കുകള്‍ക്കും പ്രവര്‍ത്തനത്തിനും ഏറെ പ്രാധാന്യമുണ്ട്. സൗജന്യ നീന്തല്‍ പരിശീലനത്തെപ്പറ്റി ചോദിച്ചാല്‍ ഈ ശിഷ്യഗണങ്ങളാണ് തന്റെ ഏറ്റവും വലിയ സമ്പാദ്യമെന്ന് മുഹമ്മദ് കുഞ്ഞി പറയും. അതുകൊണ്ടുതന്നെ മുഹമ്മദ് കുഞ്ഞിക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയ ആദരവും അനുമോദനങ്ങളും ഇതിനകം ലഭിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളിലെ സ്‌കൂളുകളില്‍ നിന്ന് പോലും കുട്ടികളെയും കൊണ്ട് നീന്തല്‍ പരിശീലനം നേടാന്‍ അധ്യാപകരും രക്ഷിതാക്കളും സമീപിക്കുന്നുണ്ടെന്ന് മുഹമ്മദ് കുഞ്ഞി പറയുന്നു. ആരെയും നിരാശപ്പെടുത്താറില്ല. വരുന്നവരെയൊക്കെ നീന്തല്‍ പരിശീലനം നല്‍കാന്‍ മുഹമ്മദ് കുഞ്ഞി ശ്രമിക്കുന്നുമുണ്ട്. പരിശീലനം നേടുന്ന കുട്ടികള്‍ക്ക് കുമ്പള ഗ്രാമപഞ്ചായത്തിന്റെയും ജനമൈത്രി പൊലീസിന്റെയും സഹകരണത്തോടെ സര്‍ട്ടിഫിക്കറ്റുകളും നല്‍കിവരുന്നുണ്ട്.
മുങ്ങിമരണങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ നാട്ടിലെ മുഴുവന്‍ കുട്ടികളെയും നീന്തല്‍ പരിശീലിപ്പിക്കുക എന്ന ദൗത്യവുമായാണ് 1991 മുതല്‍ എംഎസ് മുഹമ്മദ് കുഞ്ഞി മൊഗ്രാല്‍ കണ്ടത്തില്‍ പള്ളിക്കുളത്തില്‍ സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പ്രസ്തുത വര്‍ഷം തന്നെയാണ് മൊഗ്രാലില്‍ ‘കേരള ദേശീയവേദി’ പിറവി കൊണ്ടതും. അന്നുമുതല്‍ ഇന്നുവരെ എം.എസ് മുഹമ്മദ് കുഞ്ഞിക്ക് എല്ലാവിധ സഹായവും പ്രോത്സാഹനവുമായി ദേശീയവേദി ഒപ്പമുണ്ട്.
ഈ പ്രാവശ്യം പരിശീലനം നേടാന്‍ ആഗ്രഹിക്കുന്ന എട്ടിനും 18നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കള്‍ മുഖേന ബന്ധപ്പെടണമെന്ന് എംഎസ് മുഹമ്മദ് കുഞ്ഞി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page