ഹഥ്റാസിലെ പ്രാർത്ഥന യോഗത്തിനിടെ തിക്കിലും തിരക്കിലും മരണപ്പെട്ടവരുടെ എണ്ണം 130 ആയി; പരിപാടി നടത്തിയ ഭോലെ ബാബ ഒളിവിൽ, മരിച്ചതിലേറെയും സ്ത്രീകളും കുട്ടികളും

ഉത്തര്‍പ്രദേശിലെ ഹഥ്റാസിലെ ഫുല്‍റായ് ഗ്രാമത്തില്‍ നടന്ന ‘സത്സംഗ’ത്തിന്റെ സമാപനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സാധാരണയായി അർദ്ധ രാത്രിയില്‍ നടക്കുന്ന ഹിന്ദു വിഭാഗക്കാരുടെ മതചടങ്ങാണ് സത്സംഗ്. സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്. സമീപ ജില്ലകളിൽ നിന്ന് ഉൾപ്പെടെ ആയിരക്കണക്കിന് ഭക്തർ എത്തിയിരുന്നു. ഇത്രയും പേരെ ഉൾക്കൊള്ളിക്കാനുള്ള ക്രമീകരണം സംഘാടകർ നടത്തിയിരുന്നില്ല. പരിക്കേറ്റവരെ ട്രക്കുകളിലും ട്രാക്ടറുകളിലും ആണ് ആശുപത്രികളിൽ എത്തിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്ത് ആളുകളുടെ ചെരുപ്പുകൾ, ബാഗുകൾ അടക്കം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുകയാണ്. സ്ത്രീകളും കുട്ടികളുമാണ് അപകടത്തിൽ മരിച്ചവരിൽ ഏറെയും. പരിപാടിക്ക് ജില്ലാ ഭരണകൂടം അനുമതി നൽകിയതായി വ്യക്തമായി. ദുരന്തത്തിന് പിന്നാലെ പരിപാടിയുടെ മുഖ്യ സംഘാടകനായ ഭോലെ ബാബ ഒളിവിൽ പോയെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. അതേസമയം
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ യുപി സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. യുപി ഡിജിപിയും ചീഫ് സെക്രട്ടറിയും ഹത്രാസിലെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൂന്ന് മന്ത്രിമാരെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകട സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അനുശോചനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page