കണ്ണൂർ: പൊലീസുകാരൻ ഓടിച്ച കാർ ഇടിച്ച് കാൽനട യാത്രക്കാരി മരിച്ചു. കണ്ണൂർ ഏച്ചൂർ തക്കാളിപ്പീടിക സ്വദേശി ബീനയാണ് (54) മരിച്ചത്. അമിതവേഗത്തിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലെ സിപിഒ ലിതേഷ് വാഹനം ഓടിച്ചിരുന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഏച്ചൂരിലെ ഒരു സഹകരണ സ്ഥാപനത്തിലെ ബിൽ കളക്ടറാണ് മരിച്ച ബീന. വഴിയരികിലൂടെ ബീന നടന്നു പോകുന്നതിനിടെയാണ് പിന്നിലൂടെ എത്തിയ നിയന്ത്രണംവിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. അമിത വേഗതയിലായിരുന്നു കാർ. ഇടിയുടെ ആഘാതത്തിൽ ബീന കുറച്ച് ദൂരം മുന്നിലാണ് വീണത്. തലയിടിച്ചായിരുന്നു ബീന വീണത്. ബീനയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബീനയെ ഇടിച്ച ശേഷം കാർ കുറേ ദൂരം മുന്നോട്ട് പോയശേഷമാണ് നിർത്തിയത്. പൊലീസ് ഉദ്യോഗസ്ഥൻ ടൗൺ പൊലീസ് സ്റ്റേഷനിലാണ് നിലവിൽ.