വിവാഹം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിന് ശേഷം മകളുടെ ഭര്‍ത്താവിനെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ഗ്രേറ്റര്‍ നോയിഡയിലാണ് ദുരഭിമാനക്കൊല നടന്നത്. രണ്ടാഴ്ച മുമ്പാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷമാണ് മകളുടെ ഭര്‍ത്താവിനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊല നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് വര്‍ഷം മുമ്പ് വീട്ടുകാരുടെ സമ്മതമില്ലാതെയാണ് യുവതി ഒളിച്ചോടി വിവാഹം കഴിച്ചത്. അടുത്തിടെ പിണക്കമെല്ലാം മറന്നെന്ന വ്യാജേനെ യുവതിയുടെ കുടുംബം ഭര്‍ത്താവിനെ മദ്യപിക്കാന്‍ ക്ഷണിച്ചിരുന്നു. മദ്യസല്‍കാരത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനെ ഭാര്യയുടെ കുടുംബം വാടകക്കെടുത്ത കൊലയാളികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കരാര്‍ കൊലയാളികള്‍ക്ക് പണം നല്‍കാന്‍ കുടുംബം തങ്ങളുടെ സ്വര്‍ണ്ണം പണയം വെച്ചതായും പൊലീസ് അറിയിച്ചു.
ജൂണ്‍ 16ന് ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പൂര്‍ പൊലീസ് ലൈനിന് സമീപമാണ് പിന്നീട് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതൊരു ദുരഭിമാനക്കൊലയാണെന്ന് മനസിലായത്. സംഭവത്തില്‍ യുവതിയുടെ പിതാവിനെയും അമ്മാവനെയും വാടകയ്‌ക്കെടുത്ത രണ്ട് കൊലയാളികളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം, ടവ്വല്‍, കുറ്റകൃത്യം നടത്താനുപയോഗിച്ച കാര്‍, പണയപ്പെടുത്തിയ ആഭരണങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ രണ്ട് പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
