കാസര്‍കോട്: ബസ് യാത്രക്കിടയില്‍ യുവതിയുടെ ബാഗില്‍ നിന്ന് രണ്ട് സ്വര്‍ണ്ണമാലകള്‍ മോഷ്ടിച്ചു. മോഷ്ടാവിന്റെ ചിത്രം ബസിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ചിത്രം കേന്ദ്രീകരിച്ച് മോഷ്ടാവിനെ കണ്ടെത്താന്‍ ഹൊസ്ദുര്‍ഗ് പൊലീസ് ശ്രമം തുടങ്ങി. പയ്യന്നൂരില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരിയായ പയ്യന്നൂര്‍ മാവിച്ചേരിയിലെ എം.കെ ഉദയ(32)യുടെ ബാഗില്‍ നിന്നാണ് ആറരപ്പവന്‍ തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണമാലകള്‍ മോഷണം പോയത്. ബസിറങ്ങിയ ശേഷമാണ് മാലകള്‍ മോഷണം പോയ കാര്യം ഉദയ അറിഞ്ഞത്. ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസെത്തി ബസിലെ സിസിടിവി പരിശോധിച്ചു. യുവതിയുടെ ബാഗില്‍ നിന്ന് തന്ത്രപൂര്‍വ്വം മാലകള്‍ കൈക്കലാക്കുന്ന സിസിടിവി ദൃശ്യം കണ്ടെത്തി. എന്നാല്‍ മോഷണം നടത്തിയ സ്ത്രീയുടെ മുഖം വ്യക്തമായി തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അന്വേഷണം തുടരുകയാണ്.
