കാസര്‍കോട്: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതിയെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് പൊക്കി. കൊല്ലം, കൊട്ടാരക്കര, ഏഴുകോണ്‍, ഇടക്കിടം, അഭിവിഹാര്‍ വീട്ടില്‍ അഭിരാജി(29)നെയാണ് നീലേശ്വരം പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയത്. കോഴിക്കോട് വെച്ച് പിടിയിലായ ഇയാളില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണ്ണവും പണവും കണ്ടെടുത്തു.
ഓട്ടോറിക്ഷാ ഡ്രൈവേര്‍സ് യൂണിയന്‍ നീലേശ്വരം ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രന്റെ ചിറപ്പുറം ആലിങ്കീഴിലെ വീട്ടില്‍ വ്യാഴാഴ്ചയാണ് കവര്‍ച്ച നടന്നത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന മോഷ്ടാവ് 20 പവന്‍ സ്വര്‍ണ്ണവും 10,000 രൂപയുമാണ് കൈക്കലാക്കിയത്. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന രവീന്ദ്രന്റെ മകള്‍ ആര്യയുടേതാണ് സ്വര്‍ണ്ണം. ചാളക്കടവ് ഒഴിഞ്ഞാല തറവാട്ടില്‍ അടുത്തിടെ നടന്ന കളിയാട്ടം വരവ് ലഭിച്ച പണമാണ് അലമാരയില്‍ ഉണ്ടായിരുന്നത്. തറവാട് സെക്രട്ടറിയാണ് രവീന്ദ്രന്‍. മോഷ്ടാവിന്റെ വ്യക്തമായ ഫോട്ടോ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇതാണ് പ്രതിയെ മണിക്കൂറുകള്‍ക്കകം പിടികൂടാന്‍ സഹായിച്ചത്.
