കണ്ണൂര്‍: സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തി യുവാവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പാണത്തൂര്‍ സ്വദേശികള്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട്, പാണത്തൂര്‍ സ്വദേശികളായ റിയാസ് (33), അമര്‍ (20), ഉനൈസ് (25), ജോബിഷ് (29), ഷമ്മാസ് (20) എന്നിവരെയാണ് ചക്കരക്കല്ല് പൊലീസ് അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകലിന് ഉപയോഗിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചക്കരക്കല്ല്, ചെക്കിക്കുളം സ്വദേശിയായ വാഹന ബ്രേക്കര്‍ സുറൂറി(42)നെയാണ് ചൊവ്വാഴ്ച രാവിലെ 10 മണിയോടെ തട്ടിക്കൊണ്ടു പോയത്. മുണ്ടേരിയില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ച് വീഴ്ത്തിയ ശേഷം കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്താണ് സംഭവം പൊലീസിനെ അറിയിച്ചത്. കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അക്രമികള്‍ വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നതായി കാരവല്‍ ഓണ്‍ലൈന്‍ വ്യക്തമായ സൂചനകളോടെ വാര്‍ത്ത നല്‍കിയിരുന്നു. വാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട അക്രമികള്‍ ഭീമനടിയില്‍ കാര്‍ നിര്‍ത്തുകയും സുറൂറിനെ കണ്ണൂര്‍ ഭാഗത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കയറ്റിവിടുകയായിരുന്നു. ഇതിനിടയില്‍ കാറിനെ പിന്തുടര്‍ന്നെത്തിയ ചക്കരക്കല്ല് പൊലീസ് അക്രമിസംഘത്തില്‍പ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തു. ഇയാളില്‍ നിന്നാണ് കൂട്ടുപ്രതികളെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും.
