ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചു കടന്ന വൈദികന്റെ കഴുത്തില്‍ കത്തിവെച്ചു 40,000 രൂപയും ഐ ഫോണും കവര്‍ന്നു. കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍. ആല്‍ബിന്‍ എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ജൂണ്‍ 23 നു ആണ് കോട്ടയം സ്വദേശിയായ വൈദികന്‍ അക്രമത്തിനു ഇരയായത്. സ്വകാര്യ ആവശ്യത്തിനായി എറണാകുളത്തെത്തിയ വൈദികന്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. പിന്നാലെ മുറിയില്‍ അതിക്രമിച്ചു കയറിയ ആല്‍ബിന്‍ വൈദികന്റെ കഴുത്തില്‍ കത്തിവെച്ചു ഭീഷണിപ്പെടുത്തി 40,000രൂപയും ഐ ഫോണും കൈക്കലാക്കി. യുവാവ് സ്ഥലത്ത് നിന്ന് പോയതിനുശേഷം ആണ് വൈദികന്‍ കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. വൈദികനില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണില്‍ സിം കാര്‍ഡ് ഇടാന്‍ ശ്രമിക്കുന്നതായുള്ള സിഗ്‌നല്‍ പൊലീസിന് ലഭിച്ചത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആല്‍ബിനെ ഹൈക്കോടതിയുടെ പിറകുഭാഗത്ത് നിന്നും പിടികൂടിയത്.
