1990കളില്‍ പരിചയപ്പെട്ട ജെ.സുധാകരന്‍ സാറിനെ വര്‍ഷങ്ങള്‍ ഏറെ കൊഴിഞ്ഞു പോയിട്ടും മനസ്സിന്റെ ചില്ലകളില്‍ ആ ഓര്‍മ്മ പച്ചപിടിച്ചു നില്‍ക്കുന്നു. സാധാരണ മനുഷ്യരെ പോലെ തന്നെയല്ലേ ഇദ്ദേഹം? ഐ.എ.എസുകാരനായത് കൊണ്ടല്ലേ ഇങ്ങനെയൊക്കെ പുകഴ്ത്തി പറയുന്നത് എന്നെല്ലാം വായിക്കുന്നവര്‍ ചിന്തിച്ചേക്കാം. അതല്ല, നന്മനിറഞ്ഞ വ്യക്തിത്വങ്ങള്‍ എന്നില്‍ സ്വാധീനിച്ച കാര്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് നല്ലതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു.
സാക്ഷരതാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കാസര്‍കോട് തളങ്കരയില്‍ സംഘടിപ്പിച്ച ഒരു ഗൃഹസദസ്സ് ഞാന്‍ ഓര്‍മിക്കുകയാണ്. മുസ്ലീം സ്ത്രീകളെ സാക്ഷരതാ പരിപാടിയില്‍ പങ്കാളികളാക്കാനുള്ള ശ്രമമായിരുന്നു അത്. വലിയൊരു മുസ്ലീം വീടിന്റെ മുറ്റത്താണ് ഗൃഹസദസ് സംഘടിപ്പിച്ചത്. നിരവധി മുസ്ലീം സ്ത്രീകള്‍ അവിടെ പങ്കെടുത്തു. കലക്ടറുടെ ഒപ്പം അദ്ദേഹത്തിന്റെ കാറിലാണ് ഞങ്ങള്‍ രണ്ടു പേര്‍ അവിടെ എത്തിയത്. സന്ധ്യയോടടുത്താണ് പരിപാടി കഴിഞ്ഞത്. പ്രവര്‍ത്തകര്‍ക്ക് നാട്ടിലെത്താനുള്ള ധൃതിയായി. പ്രധാന പ്രവര്‍ത്തകരെല്ലാം കലക്ടറുടെ ഒരു സീറ്റ് ഒഴിവാക്കി കാറില്‍ കയറിയിരുന്നു. നാലോ അഞ്ചോ പേരുണ്ടായിരുന്നു എന്നാണെന്റെ ഓര്‍മ്മ. കലക്ടര്‍ കാറിന്റെ അടുത്തെത്തി. ഉള്ളിലേക്കു നോക്കി. ഇത്രയും ആളുകളെ കണ്ടപ്പോള്‍ കലക്ടര്‍ക്ക് കോപം വന്നു ‘എന്നാല്‍ ഞാന്‍ വരുന്നില്ല നിങ്ങള്‍ പോയ്‌ക്കോളൂ’ എന്ന് പറഞ്ഞു കലക്ടര്‍ മാറി നിന്നു. എല്ലാവരും ഇളിഭ്യരായി കാറില്‍ നിന്ന് ഇറങ്ങി. അതിനു ശേഷമാണ് കലക്ടര്‍ കാറില്‍ കയറി പോയത്. പ്രധാന പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് വരണം എന്ന് പോകുമ്പോള്‍ ഞങ്ങളോട് പറഞ്ഞു. കലക്ടറുടെ ചേമ്പറില്‍ ഞങ്ങള്‍ ഒത്തുകൂടി. അദ്ദേഹം വളരെ കൂള്‍ ആയി സംസാരിച്ചു തുടങ്ങി. ‘ഞാന്‍ നിങ്ങളെയെല്ലാം സുഹൃത്തുക്കളെ പോലെയാണ് കാണുന്നത്. പക്ഷേ ചില അവസരങ്ങളില്‍ അനുചിതമായി നിങ്ങളില്‍ ചിലര്‍ പെരുമാറുന്നു. പരസ്പരം അറിഞ്ഞു പെരുമാറാന്‍ നമ്മള്‍ പഠിക്കണം.’ ഇങ്ങിനെ ഉപദേശം നല്‍കിയതും ഓര്‍മ്മയിലുണ്ട്.
സാക്ഷരതാ പരിപാടിയുമായി ബന്ധപ്പെട്ട് മഞ്ചേശ്വരത്തിനടുത്തു ഒരു പരിപാടിയില്‍ കലക്ടറും പങ്കെടുത്തിരുന്നു. തിരിച്ചു വന്നതു കലക്ടറുടെ കൂടെ. ചെര്‍ക്കളയിലെത്തുമ്പോള്‍ സമയം രാത്രി 11 മണി കഴിഞ്ഞിരുന്നു. നാട്ടിലേക്കു പോകാന്‍ ബസ്സില്ല. ചെര്‍ക്കളയില്‍ ഞാനും പ്രൊഫ. കെ.പി. ജയരാജനും കലക്ടറും ഇറങ്ങി. കാര്‍ സൈഡാക്കി നിര്‍ത്തി കലക്ടര്‍ തന്നെ ലോറി കൈകാട്ടി നിര്‍ത്തുന്നു. ഡ്രൈവറോട് പ്രത്യേകം നിര്‍ദ്ദേശം കൊടുത്തു. ഒരാളെ നീലേശ്വരത്തും ഒരാളെ കരിവെള്ളൂരിലും ഇറക്കണം. വണ്ടി നമ്പര്‍ കുറിച്ചെടുത്തു. അങ്ങനെ വീട്ടില്‍ തിരിച്ചെത്തിയ ദിവസവും ഉണ്ടായിരുന്നു.
കാസര്‍കോട് ടൗണ്‍ഹാളില്‍ കാന്‍ഫെഡ് പ്രവര്‍ത്തകയോഗം നടക്കുകയാണ്. പി.എന്‍. പണിക്കരും പി.ടി.ബി. സാറും മറ്റും എത്തിയിട്ടുണ്ട്. കലക്ടര്‍ സുധാകരന്‍ സാറും പരിപാടിയില്‍ എത്തിയിരുന്നു. ഉദ്ഘാടകനായ കലക്ടര്‍ പ്രസംഗത്തിനിടെ ഒരു പ്രസ്താവന നടത്തി. ‘എന്നെ ഐ.എ.എസുകാരനും കലക്ടറുമാക്കിയത് ഈ ഇരിക്കുന്ന പി.എന്‍. പണിക്കര്‍ സാറാണ്” പ്രസ്താവന കേട്ടു ഞങ്ങള്‍ ഞെട്ടി. അദ്ദേഹം തുടര്‍ന്നു, ‘എന്റെ താമസ സ്ഥലത്തിനടുത്തു പണിക്കര്‍ സാറിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഒരു ഗ്രന്ഥാലയമുണ്ട്. അവിടെ ചെന്ന് പുസ്തകങ്ങള്‍ എടുത്തു വായിച്ച അനുഭവമാണ് എന്നെ ഈ നിലയിലെത്തിച്ചത്.
ജെ.സുധാകരന്‍ സാറിന് ആദ്യ കുഞ്ഞു പിറന്നതും കാസര്‍കോട് കലക്ടറായിരിക്കുമ്പോഴാണ്. ‘എന്റെ കുഞ്ഞിന് പേരിടാന്‍ പണിക്കര്‍ സാര്‍ വീട്ടിലേക്കു വരണം’ പണിക്കര്‍ സാര്‍ സന്തോഷത്തോടെ അദ്ദേഹത്തിന്റെ അപേക്ഷ സ്വീകരിച്ചു. അന്ന് വൈകീട്ട് ഞാനും പണിക്കര്‍ സാറും കലക്ടരുടെ ബംഗ്ലാവിലെത്തി കുഞ്ഞിന് പേരു വിളിച്ചു. ‘ കണ്ണന്‍ ‘ എന്നാണ് പേരിട്ടത് എന്ന് ഓര്‍ക്കുന്നു.
കാലം ഒരു പാട് കഴിഞ്ഞു. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ എന്തോ ആവശ്യത്തിന് പോയപ്പോള്‍ ഞാന്‍ സെക്രട്ടറിയേറ്റിന്റെ വരാന്തയിലൂടെ നടക്കുകയായിരുന്നു. ഞാന്‍ ഒന്നും ശ്രദ്ധിക്കാതെ നടക്കുകയാണ്. ഒരു കേബിനില്‍ നിന്ന് ‘ഹലോ കൂക്കാനം” എന്ന് ആരോ വിളിക്കുന്നു. എത്തി നോക്കിയപ്പോള്‍ എന്റെ പ്രിയപ്പെട്ട കലക്ടര്‍ ജെ.സുധാകരന്‍ സാര്‍. അന്ന് അദ്ദേഹം ഏതോ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡയറക്ടറായി വര്‍ക്ക് ചെയ്യുകയായിരുന്നു. ഉന്നത സ്ഥാനത്തെത്തിയിട്ടും സാധാരണ പ്രവര്‍ത്തകരെ സ്‌നേഹിക്കുന്ന നന്മ നിറഞ്ഞ മനസ്സിന്റെ ഉടമയായിരുന്നു ജെ.സുധാകരന്‍ സാര്‍.
