കണ്ണൂര്‍: അവധിക്ക് നാട്ടിലെത്തിയ പ്രവാസി യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും കോടതി വെറുതെ വിട്ടു. ദൃക്‌സാക്ഷി മൊഴികളില്‍ വൈരുദ്ധ്യം ഉണ്ടെന്നും കേസ് തെളിയിക്കുവാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി വിധി പ്രസ്താവിച്ചത്.
തളിപ്പറമ്പ്, തൃച്ചംബരം പഴയ ആര്‍.ടി.ഒ ഓഫീസിന് സമീപത്ത് പാമ്പുരുത്തി സ്വദേശി കൊവ്വപ്പുറത്ത് ഹാഷിം (32) കൊലക്കേസിലെ പ്രതികളായ തൃച്ചംബരത്തെ നന്ദു എന്ന നന്ദകുമാര്‍ (35), പി.നിവിന്‍ (35), കെ.വി വൈശാഖ് (35)എന്നിവരെയാണ് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ജഡ്ജി റൂബി ജോസ് വെറുതെ വിട്ടത്. 2010 ആഗസ്ത് എട്ടിന് വൈകുന്നേരം നാലു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ യാത്ര ചെയ്യുകയായിരുന്നു ഹാഷിം. തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോള്‍ കാര്‍ അമിത വേഗതയില്‍ ഓടിച്ചുവെന്നു പറഞ്ഞ് ഒരു കൂട്ടം ചെറുപ്പക്കാര്‍ ഹാഷിമുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നുണ്ടായ സംഘട്ടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്.
അഞ്ചു വര്‍ഷത്തോളം മംഗളൂരുവിലെ ഹോട്ടലില്‍ ജോലിക്കാരനായിരുന്നു ഹാഷിം. പിന്നീടാണ് സൗദിയിലേക്ക് ഹോട്ടല്‍ മാനേജറായി പോയത്. കൊല്ലപ്പെടുന്നതിന് രണ്ടാഴ്ച മുമ്പാണ് ഹാഷിം അവധിയില്‍ നാട്ടിലെത്തിയത്.
