കണ്ണൂര്‍: ബസിറങ്ങി നടന്നു പോവുകയായിരുന്ന ആളെ ഇന്നോവ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി 11.70 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം വഴിയരുകില്‍ തള്ളി രക്ഷപ്പെട്ടു. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉളിയില്‍, പടിക്കച്ചാല്‍, റോഡിലെ എന്‍.പി അബ്ദുല്‍ അസീസ്(51)ആണ് അക്രമത്തിന് ഇരയായത്. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ബംഗ്‌ളൂരുവില്‍ നിന്നുള്ള സ്വകാര്യ ബസിലെ യാത്രക്കാരനായിരുന്നു അബ്ദുല്‍ അസീസ്. പടിക്കച്ചാല്‍ റോഡില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു ഇദ്ദേഹം. തൊട്ടുപിന്നാലെ ഇന്നോവ കാറിലെത്തിയ അഞ്ചംഗ സംഘം അബ്ദുല്‍ അസീസിനെ കാറില്‍ പിടിച്ചു കയറ്റി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കൈയില്‍ സൂക്ഷിച്ചിരുന്ന 11.70 ലക്ഷം രൂപ കൈക്കലാക്കിയ ശേഷം വെളിയമ്പ്ര എന്ന സ്ഥലത്ത് റോഡരികില്‍ അസീസിനെ തള്ളിയാണ് സംഘം രക്ഷപ്പെട്ടത്. അക്രമികള്‍ പോയ ശേഷം അബ്ദുല്‍ അസീസ് പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു. അക്രമികളെ കണ്ടെത്താന്‍ പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.
