മലപ്പുറം: സ്വര്‍ണ്ണവ്യാപാരിയെ തട്ടിക്കൊണ്ടു പോയി 19 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, തില്ലങ്കേരി സ്വദേശികളായ രതീഷ് (30), വരുണ്‍ (30) എന്നിവരെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളായ കോഴിക്കോട്ടെ അജ്മല്‍ (47), ജിഷ്ണു (24), ഷിജു (47), കണ്ണൂരിലെ ജിഷ്ണു (24), തൃശൂരിലെ സുജിത്ത് (27) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 16ന് പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മധുരയിലെ കാമരാജന്‍ സാലെയിലെ ജ്വല്ലറി ഉടമയായ ആര്‍. ബാലസുബ്രഹ്‌മണ്യം ആണ് അക്രമത്തിന് ഇരയായത്. ജ്വല്ലറിയിലേക്ക് സ്വര്‍ണ്ണം വാങ്ങാനായി പൂക്കോട്ടൂരിലെത്തിയതായിരുന്നു ബാലസുബ്രഹ്‌മണ്യം. ഇയാള്‍ പൂക്കോട്ടൂരിലേക്ക് ടൂറിസ്റ്റ് ബസില്‍ വരുന്നുണ്ടെന്ന് അറിഞ്ഞ പ്രതികള്‍ പണം കൊള്ളയടിക്കാനുള്ള പദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയുമായിരുന്നു.
