രണ്ടാം പിണറായി മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഒ.ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേളുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മാനന്തവാടി എംഎല്‍യായ കേളുവിന് പട്ടിക ജാതി പട്ടിക വര്‍ഗ വകുപ്പാണ് ലഭിച്ചത്. വയനാട് ജില്ലനേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമാകാന്‍ ഇനി സ്വന്തം മന്ത്രിയുണ്ടാകുമെന്ന ആശ്വാസമാണ് ജനങ്ങള്‍ക്കുള്ളത്.
ആലത്തൂര്‍ എംപിയായി ലോക്‌സഭയിലേക്ക് ജയിച്ച കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതോടെയാണ് ഒ ആര്‍ കേളുവിനെ മന്ത്രിയാക്കാന്‍ സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചത്. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം മന്ത്രിയാണ് ഇദ്ദേഹം. പിണറായി സര്‍ക്കാരില്‍ വയനാട്ടില്‍ നിന്നുള്ള ഏക ക്യാബിനറ്റ് അംഗം കൂടിയാണ് ഒ.ആര്‍ കേളു. മന്ത്രിയാകുമെന്ന പ്രഖ്യാപനം കേട്ടശേഷം നാട്ടിലേക്ക് മടങ്ങിയ കേളു ഇന്ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് തിരിച്ചെത്തിയത്.
പിതാവ് ഓലഞ്ചേരി രാമന്‍, ഇളയമ്മ കീര, ഭാര്യ പി.കെ. ശാന്ത, സഹോദരങ്ങളായ ഒ.ആര്‍. രവി (അച്ചപ്പന്‍), ഒ.ആര്‍. ലീല, ഒ.ആര്‍. ചന്ദ്രന്‍, മക്കളായ സി.കെ. മിഥുന, സി.കെ. ഭാവന എന്നിവരും മറ്റുബന്ധുക്കളും അയല്‍ക്കാരും സത്യപ്രതിജ്ഞാചടങ്ങിനെത്തിയിരുന്നു. വയനാട്ടില്‍നിന്ന് ബസിലും ട്രെയിനിലുമെല്ലാമായി ഏതാണ്ട് ഇരുനൂറോളം പേര്‍ ചടങ്ങ് കാണാനെത്തി.