വനിതാ കോണ്‍സ്റ്റബിളിനൊപ്പം ഹോട്ടലില്‍ മുറിയെടുത്ത ഡെപ്യൂട്ടി സൂപ്രണ്ടിനെ കോണ്‍സ്റ്റബിളായി തരംതാഴ്ത്തി. ഉത്തര്‍പ്രദേശിലാണ് സംഭവം. കൃപാ ശങ്കര്‍ കന്നൗജിയയെയാണ് കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്തിയത്. ഉന്നാവോയില്‍ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) പദവി വഹിച്ചിരുന്ന കനൗജിയയെ ഗോരഖ്പൂരിലെ 26-ാമത് പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പിഎസി) ബറ്റാലിയനിലേക്കാണ് നിയമിച്ചത്. 2021 ലാണ് നടപടിക്കാധാരമായ സംഭവം നടന്നത്. ജൂലൈയില്‍ ലീവ് എടുത്ത ശേഷം ‘കാണാതായതോടെ’ അദ്ദേഹത്തിന്റെ വീഴ്ച ആരംഭിച്ചു. കുടുംബ കാരണങ്ങളാല്‍ കനൂജിയ അവധി എടുത്തു. എന്നാല്‍ വീട്ടിലേക്ക് മടങ്ങുന്നതിന് പകരം ഒരു വനിതാ കോണ്‍സ്റ്റബിളിനൊപ്പം കാണ്‍പൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസം തുടങ്ങി. ഇതിനിടെ ഇയാള്‍ തന്റെ സ്വകാര്യ മൊബൈല്‍ ഫോണും ഔദ്യോഗിക മൊബൈല്‍ ഫോണും സ്വിച്ച് ഓഫ് ചെയ്തു. ഭര്‍ത്താവിനെ ഫോണിലൂടെ ബന്ധപ്പെടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഭാര്യ സഹായത്തിനായി ഉന്നാവോ എസ്പിയെ വിളിച്ചു. അവസാനമായി കാണ്‍പൂര്‍ ഹോട്ടലില്‍ എത്തിയപ്പോളാണ് കനൗജിയയുടെ മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രവര്‍ത്തനം നിര്‍ത്തിയതെന്ന് സൈബര്‍ സെല്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് സ്ഥിതിഗതികള്‍ വഷളാവുകയായിരുന്നു.
പിന്നീട് ഉന്നാവോ പൊലീസ് അതിവേഗം ഹോട്ടലിലെത്തുകയും അവിടെ വച്ച് സിഒയെയും വനിതാ കോണ്‍സ്റ്റബിളിനെയും ഒരുമിച്ച് കണ്ടെത്തുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമഗ്രമായ അവലോകനത്തിന് ശേഷം കൃപാ ശങ്കര്‍ കനൗജിയയെ കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. എഡിജി അഡ്മിനിസ്‌ട്രേഷന്‍ ഉടന്‍ തന്നെ ഈ തീരുമാനം നടപ്പിലാക്കാന്‍ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
