കാസര്‍കോട്: കാഞ്ഞങ്ങാട് സൗത്ത് ഗവ. സ്‌കൂളിലെ എട്ടാംക്ലാസിലെ അഭിജിത്ത് ഇനി സ്‌കൂളിലേക്ക് പറക്കും. ഹൊസ്ദുര്‍ഗ് പൊലീസ് വാങ്ങി നല്‍കിയ പുത്തന്‍ സൈക്കിളില്‍. കല്ലൂരാവിയിലെ ശ്രീജയുടെ മകനാണ് അഭിജിത്ത്. സ്വന്തമായി ഉണ്ടായിരുന്ന സൈക്കിള്‍ ആരോ മോഷ്ടിച്ചു കൊണ്ടുപോയി. വിവിധ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും സൈക്കിള്‍ കണ്ടെത്താനായില്ല. ഇതോടെ അഭിജിത്തിന്റെ സ്‌കൂള്‍ യാത്ര വിഷമത്തിലായി. തുടര്‍ന്ന് അഭിജിത്തും മാതാവ് ശ്രീജയും ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. മോഷണം പോയ സൈക്കിള്‍ കണ്ടെത്തിത്തരണമെന്നായിരുന്നു ആവശ്യം. പരാതി സ്വീകരിച്ച ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ്, അഭിജിത്തിനെ ചേര്‍ത്തുനിര്‍ത്തി സൈക്കിള്‍ കണ്ടെത്തിതരുമെന്ന് ആശ്വസിപ്പിച്ചാണ് മടക്കിയയച്ചത്.
പൊലീസ് വ്യാപകമായി അന്വേഷണം നടത്തിയെങ്കിലും സൈക്കിള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ശ്രീജയ്ക്ക് മകന്‍ അഭിജിത്തിന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ കഴിഞ്ഞില്ല. അഭിജിത്തിന്റെയും മാതാവിന്റെയും വിഷമം തിരിച്ചറിഞ്ഞ ഹൊസ്ദുര്‍ഗ് പൊലീസ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പുതിയ സൈക്കിള്‍ വാങ്ങി നല്‍കിയത്. അഭിജിത്തും മാതാവും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലെത്തി സൈക്കിള്‍ ഏറ്റുവാങ്ങി.
