അമരാവതി: ആന്ധ്രയിലെ മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിയായ വൈ.എസ്.ആര്‍ സി.പിക്കു വിജയവാഡയില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആസ്ഥാന മന്ദിരം ബുള്‍ഡോസര്‍ ഉപയോഗിച്ചു ചന്ദ്രബാബു സര്‍ക്കാര്‍ ഇടിച്ചുനിരത്തി.
2019ല്‍ ജഗന്‍മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായപ്പോള്‍ തെലുഗുദേശം പാര്‍ട്ടി പ്രസിഡണ്ടായ ചന്ദ്രബാബു നായിഡു തന്റെ വീടിനോട് ചേര്‍ന്നു നിര്‍മ്മിച്ചിരുന്ന കോണ്‍ഫറന്‍സ് ഹാള്‍ ഇടിച്ചു നിരത്തിയിരുന്നു.
പ്രതിപക്ഷ നേതാവെന്ന നിലയില്‍ തന്നെ കാണാന്‍ വരുന്ന ജനങ്ങളുമായി സംസാരിക്കാനുള്ള ഹാള്‍ നിലനിര്‍ത്തണമെന്ന് ചന്ദ്രബാബു നായിഡു, ഗയന്‍മോഹന്‍ റെഡ്ഡിയോട് അഭ്യര്‍ത്ഥിച്ചതിന്റെ പിറ്റേന്നാണ് അത് ഇടിച്ചു നിരത്തിയത്.
ഇതിനുള്ള പ്രതികാരമാണ് താന്‍ മുഖ്യമന്ത്രിയായ ഉടനെ ചന്ദ്രബാബു നായിഡു ജഗന്റെ പാര്‍ട്ടി ആസ്ഥാനമന്ദിരം ഇടിച്ചുപൊളിച്ചതെന്ന് സംസാരമുണ്ട്. പാര്‍ട്ടി ഓഫീസ് പൊളിക്കുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജഗന്‍മോഹന്‍ റെഡ്ഡി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഇന്ന് രാവിലെയാണ് പ്രസ്തുത കെട്ടിടം ജെസിബി ഉപയോഗിച്ച് സര്‍ക്കാര്‍ ഇടിച്ചു നിരത്തിയത്. പൊതുസ്ഥലം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. ഇതേ നിലപാടിലായിരുന്നു നായിഡുവിന്റെ കോണ്‍ഫറന്‍സ് ഹാളും തകര്‍ത്തിരുന്നത്.
