മംഗളൂരു: ബജ്പേ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വീണ്ടും ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി എത്തിയത്. ജൂൺ 18 ന് ഉച്ചയ്ക്ക് 12:43 ന് വിമാനത്താവളത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നും ഏതാനും നിമിഷങ്ങൾക്കുള്ളിൽ പൊട്ടിത്തെറിക്കുമെന്നുമാണ് ഇമെയിൽ സന്ദേശത്തിലുണ്ടായിരുന്നത്. ഇതേ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ വിമാനത്താവളത്തിൻ്റെ അകത്തും പുറത്തും പരിശോധന നടത്തിയെങ്കിലും ബോംബുകളോ സ്‌ഫോടക വസ്തുക്കളോ കണ്ടെത്താനായില്ല. അതെസമയം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജൂൺ 19ന് വിമാനത്താവളത്തിലെ ചീഫ് സെക്യൂരിറ്റി ഓഫീസർ ബജ്‌പെ പൊലീസിൽ പരാതി നൽകിയിരുന്നു. ഗ്രൂപ്പ് കെഎൻആർ ആണ് പിന്നിലെന്നാണ് സംശയം. ജൂൺ ഒന്നിന് ഡൽഹിയിൽ നടന്ന സ്‌കൂൾ ആക്രമണത്തിന് പിന്നിലും ഇതേ സംഘമാണ് സന്ദേശം അയച്ചത്. രാജ്യത്തെ 41 വിമാനത്താവളങ്ങൾക്ക് ഒരേ ദിവസം ഒരേ വിലാസത്തിൽ നിന്ന് ഭീഷണി ഇമെയിലുകൾ ലഭിച്ചതായാണ് വിവരം.
ഏഴ് മാസത്തിനിടെ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഇത് മൂന്നാമത്തെ ബോംബ് ഭീഷണിയാണിത്.
