കൊച്ചി: തൊഴിലെടുത്തു ജീവിക്കുന്നതിനും ഉറ്റവരുടെ ജീവിത സുരക്ഷിതത്വത്തിനും വേണ്ടി തൊഴില്‍ തേടി കുവൈറ്റിലെത്തിയ മലയാളികളായ 23 ഹതഭാഗ്യരുടെ മൃതദേഹവുമായി വ്യോമസേനാ വിമാനം കൊച്ചി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ നാട് നെടുവീര്‍പ്പിച്ചു.മൃതദേഹങ്ങള്‍ രാവിലെ കൊച്ചിയില്‍ എത്തിക്കുമെന്നു വിവരം ലഭിച്ചതിനെ തുടര്‍ന്നു മരണപ്പെട്ടവരുടെ ആശ്രിതരും കുടുംബാംഗങ്ങളും പുലര്‍ച്ചെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഇതോടെ നാട്ടുകാരും തടിച്ചു കൂടിയിരുന്നു. കേന്ദ്ര മന്ത്രിമാരും സംസ്ഥാന മന്ത്രിമാരും കൂടി എത്തിയതോടെ ജനങ്ങള്‍ കൂട്ടമായി വിമാനത്താവളത്തിനു മുന്നില്‍ കൂട്ടം ചേര്‍ന്നു. അടുത്തിടെ വീട്ടിലെത്തി മടങ്ങിയവരും അടുത്തു തന്നെ നാട്ടില്‍ തിരിച്ചെത്താനിരുന്നവരും ചേതനയറ്റ് എത്തിയപ്പോള്‍ ബന്ധുക്കള്‍ വീര്‍പ്പുമുട്ടി. രോദനങ്ങളും നെടുവീര്‍പ്പുകളും വിമാനത്താവളത്തെ നൊമ്പരപ്പിച്ചു. മനസ്സില്‍ നിന്നു വിട്ടുമാറാത്ത ദൃശ്യങ്ങളായിരുന്നു അല്‍പ്പനേരത്തേക്കെങ്കിലും വിമാനത്താവളത്തില്‍ പ്രകടമായത്. പിന്നീട് മൃതദേഹങ്ങള്‍ വിമാനത്താവളത്തില്‍ നിരത്തിവച്ചു. നാടിന്റെ ആദരവും ദുഃഖവും അവിടെ തെളിഞ്ഞു മിന്നി. പിന്നീട് ഓരോ മൃതദേഹവും അവരവരുടെ വീടുകളിലേക്കു നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന ആംബുലന്‍സുകളില്‍ കൊണ്ടുപോയി. 23 മലയാളികളുടെയും ഏഴു തമിഴ് സ്വദേശികളുടെയും ഒരു കര്‍ണ്ണാടക സ്വദേശിയുടെയും മൃതദേഹമാണ് കൊച്ചിയിലെത്തിയത്. 45 മൃതദേഹങ്ങളായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അവശേഷിച്ചവയുമായി വിമാനം ഡല്‍ഹിയിലേക്കു പറന്നു. കേന്ദ്രവിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് വിമാനത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിസഭാംഗങ്ങളും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി.