തമിഴ് നടന് പ്രദീപ് കെ വിജയനെ ചെന്നൈ പാലവാകത്തുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബുധനാഴ്ചയാണ് മരണം പുറത്തറിഞ്ഞത്. പ്രദീപിനെ രണ്ട് ദിവസമായി ബന്ധപ്പെടാന്‍ ഒരു സുഹൃത്ത് ശ്രമിച്ചെങ്കിലും കിട്ടാതിരുന്നതിനെ തുടര്‍ന്ന് വീട്ടിലെത്തി ഏറെ നേരം വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് തലയ്ക്ക് മുറിവേറ്റ് മരിച്ച നിലയില്‍ പ്രദീപിനെ കണ്ടെത്തിയത്. മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അവിവാഹിതനായ നടന്, ചെന്നൈയില്‍ തനിച്ചാണ് താമസിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം രായപ്പേട്ട ആശുപത്രിയിലേക്ക് മാറ്റി. ഇടയ്ക്കിടെ തലചുറ്റല്‍, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ തനിക്ക് അനുഭവപ്പെടാറുണ്ടെന്ന് നടന് സുഹൃത്തുക്കളോട് പറയാറുണ്ടായിരുന്നുവെന്ന് പറയുന്നു. 2013-ല്‍ സൊന്നാ പുരിയാത് എന്ന ചിത്രത്തിലൂടെയായിരുന്നു പ്രദീപിന്റെ സിനിമാ പ്രവേശം.
വിജയ് സേതുപതിയുടെ മഹാരാജ, തെഗിഡി, ഒരുനാള്‍ കൂത്ത്, മീസയേ മുറുക്ക്, ഇരുമ്പ് തിരൈ, ആടൈ, ഹീറോ, ചക്ര, ടെഡി, ലിഫ്റ്റ്, ഹേയ് സിനാമിക തുടങ്ങിയവയാണ് അഭിനയിച്ച പ്രധാനചിത്രങ്ങള്‍. രാഘവ ലോറന്‍സ് നായകനായ രുദ്രനിലാണ് അവസാനം വേഷമിട്ടത്. ബി.ടെക് പഠിച്ചുവെങ്കിലും അഭിനയത്തോട് തന്നെയായിരുന്നു അദ്ദേഹത്തിന് അഭിനിവേശം. ശരീരത്തിന്റെ പേരില്‍ പല കളിയാക്കലുകളും നേരിട്ടിരുന്നുവെങ്കിലും, അതിനെയെല്ലാം അതിജീവിച്ച് നല്ല റോളുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലാണ് മരണം.
