കുവൈറ്റ് ദുരന്തം; മരിച്ച മലയാളികളുടെ എണ്ണം 16 ആയി; 9 പേര്‍ അത്യാസന്ന നിലയില്‍; മരിച്ച 49 പേരില്‍ 42 പേര്‍ ഇന്ത്യക്കാര്‍

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എന്‍ ബി ടി സി ക്യാമ്പിനുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഇതില്‍ 13 പേരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ 49 പേര്‍ മരിച്ചു. ഇതില്‍ 42 പേര്‍ ഇന്ത്യക്കാരാണ്. 9 പേര്‍ ഗുരുതരനിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് തീപിടിച്ച ആറുനില കെട്ടിടത്തിന്റെ ഉമയായ കുവൈറ്റ് സ്വദേശിയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തു.
രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനും അടിയന്തര സഹായം ഉറപ്പുവരുത്തുന്നതിനും മരിച്ചവരുടെ മൃതദേഹങ്ങള്‍ വേഗത്തില്‍ നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മറ്റും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കുവൈത്തിലേക്കു പുറപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലും കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലും അടിയന്തര യോഗം ചേര്‍ന്നു. മരിച്ചവരുടെ ആശ്രിതര്‍ക്കു കേന്ദ്രസര്‍ക്കാര്‍ രണ്ടു ലക്ഷംരൂപ വീതം അടിയന്തര സഹായമനുവദിച്ചു. മരിച്ചവരുടെ മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കാനുള്ള സംവിധാനമുറപ്പാക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടായ ക്യാമ്പില്‍ കുവൈത്ത് അധികൃതര്‍ തിരച്ചില്‍ തുടരുകയാണ്. തീപിടുത്തമുണ്ടായതിനെക്കുറിച്ചു പരിശോധനയും തുടരുന്നു.
തീപിടുത്തമുണ്ടായ ബഹുനില കെട്ടിടത്തില്‍ സുരക്ഷാ സംവിധാനവും അഗ്നിശമന സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ലെന്ന് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെട്ടിടം ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റ് ചെയ്തത്. കെട്ടിടത്തില്‍ 195 പേരെ കുത്തി നിറച്ചു താമസിപ്പിച്ചതും കെട്ടിടമുടമയുടെ വീഴ്ചയായി എടുത്തു കാട്ടുന്നുണ്ട്. തീപിടുത്തമുണ്ടായതു സുരക്ഷാ ജീവനക്കാരന്റെ റൂമിനു തൊട്ടടുത്ത മുറിയിലായിരുന്നുവെന്നു സംശയിക്കുന്നുണ്ട്.
പാക്കിസ്ഥാന്‍, ഫിലികിനോ, ഈജിപ്ത്, നേപ്പാള്‍ എന്നിവിടങ്ങളിലുള്ളവരും മരിച്ചവരില്‍പ്പെടുന്നു. തൊഴിലാളികള്‍ മരിച്ച എന്‍ ബി ടി സി കമ്പനിയിലെ സൂപ്പര്‍ വൈസര്‍ ലൂക്കോസും മരിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ 20 വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. കൊല്ലം ശൂരനാട് നോര്‍ത്തിലെ ഷെമീര് (30), കോട്ടയം പാമ്പാടിയിലെ സെബിന്‍ എബ്രഹാം സാബു (30) കാസര്‍കോട് തൃക്കരിപ്പൂര്‍ പിലിക്കോട് എരവില്‍ സ്വദേശി തെക്കുമ്പാട്ട് താമസക്കാരനായ കേളു പൊന്‍മലേരി (55), പന്തളം മുറിയൂര്‍ക്കോണം ഐരാണിക്കുഴി ആകാശ് എസ് നായര്‍ (32), പത്തനംതിട്ട വാഴമുട്ടം പിവി മുരളീധരന്‍ (54), കൊല്ലം പുനലൂര്‍ നരിക്കല്‍ സാജന്‍ ജോര്‍ജ് (28), ലൂക്കോസ് വടക്കോട്ട് ഉണ്ണുണ്ണി (കൊല്ലം), കൊല്ലം കോന്നി സജ്ജു വര്‍ഗ്ഗീസ്, കാസര്‍കോട് ചെര്‍ക്കളം കുണ്ടടുക്കം രഞ്ജിത്ത്, കൊല്ലം ചാരണൂര്‍ ആദിച്ചനല്ലൂര്‍ ലൂക്കോസ്(48) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page