രേണുകാസ്വാമി(33)യെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
കന്നഡ സിനിമതാരം ദര്‍ശന്‍ തൂഗുദീപയുടെ ആരാധകനായ രേണുകാസ്വാമി(33)യെ കൊലപ്പെടുത്താന്‍ നിര്‍ദേശം നല്‍കിയത് ദര്‍ശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയാണെന്ന് പൊലീസ് പറഞ്ഞു. രേണുകാസ്വാമി അശ്ലീല കമന്റുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ആവര്‍ത്തിച്ചതോടെ ഇയാളോട് പ്രതികാരം ചെയ്യണമെന്ന് ദര്‍ശനോട് ആവശ്യപ്പെട്ടത് പവിത്ര ഗൗഡയായിരുന്നു. കേസില്‍ പവിത്ര ഗൗഡയെയാണ് പൊലീസ് ഒന്നാംപ്രതിയാക്കിയിരിക്കുന്നത്. രണ്ടാംപ്രതിയാണ് ദര്‍ശന്‍. കേസില്‍ ഇനി ഒരുസ്ത്രീ ഉള്‍പ്പെടെ നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് പൊലീസ് നല്‍കുന്നവിവരം. ഇവര്‍ ഒളിവിലാണ്. 11 പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. കൊലയാളിസംഘത്തില്‍പ്പെട്ടവര്‍ ദര്‍ശനുമായി ഫോണില്‍ സംസാരിച്ചതിനും പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ദര്‍ശന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 30 ലക്ഷം രൂപയാണ് കൊലയാളിസംഘം നടനോട് ആവശ്യപ്പെട്ടത്. കേസിലെ മറ്റൊരു പ്രതിയായ പ്രദോഷ് വഴിയാണ് പണം കൈമാറിയത്. ഇയാള്‍ ആദ്യഘട്ടമായി അഞ്ചുലക്ഷം രൂപ കൊലയാളിസംഘത്തിന് കൈമാറി. ബാക്കിതുക കേസിന്റെ വിചാരണയ്ക്ക് ശേഷം കൈമാറാമെന്നും ഉറപ്പുനല്‍കി. നിയമസഹായം നല്‍കാമെന്നും ഇവര്‍ക്ക് ഉറപ്പുകിട്ടി. പണം കിട്ടിയശേഷമാണ് യുവാവിന്റെ മൃതദേഹം ഉപേക്ഷിക്കാനും പോലീസിന് മുന്നില്‍ കീഴടങ്ങാനും കൊലയാളിസംഘം സമ്മതിച്ചത്. കേസില്‍ ദര്‍ശന്റെ പേര് വലിച്ചിഴക്കരുതെന്നും ഇവരോട് നിര്‍ദേശിച്ചിരുന്നു. ദര്‍ശന്‍ ഫാന്‍സ് അസോസിയേഷന്‍ നേതാവ് രാഘവേന്ദ്രയാണ് സ്വാമിയെ വീട്ടില്‍നിന്നും ഇറക്കിക്കൊണ്ടുപോയത്. തുടര്‍ന്ന് ബെംഗളൂരുവിലെ കാമാക്ഷിപാളയത്തുള്ള ഷെഡിലേക്ക് എത്തിച്ചു. അവിടെ വച്ചാണ് കൊല നടക്കുന്നത്. ബോധം കെടുന്നതുവരെ ദര്‍ശന്‍ ബെല്‍ട്ട് കൊണ്ട് അടിച്ചു.
ഒടുവില്‍ ബോധരഹിതനായി നിലത്ത് വീണപ്പോള്‍ ക്വട്ടേഷന്‍ സംഘം വടികള്‍ കൊണ്ട് അടിച്ച് കൊലപ്പെടുത്തി. അടിയില്‍ ഒന്നിലധികം എല്ലുകള്‍ തകര്‍ത്തു. മരിച്ചെന്ന് ഉറപ്പാക്കി ഓവുചാലില്‍ തള്ളി. കൊലപാതക ദിവസം ദര്‍ശനും ക്വട്ടേഷന്‍ സംഘവും ഉപയോഗിച്ച കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സിസിടിവി ദൃശ്യം നോക്കിയാണ് ഇവ ഉറപ്പാക്കിയത്. ദര്‍ശനോടുള്ള പ്രണയം കാരണം ദര്‍ശന്റെ ഭാര്യയെ പോലും പവിത്ര വെറുതെ വിട്ടിരുന്നില്ല. പത്ത് വര്‍ഷത്തോളമായി ദര്‍ശനും പവിത്രയും അടുത്ത സുഹൃത്തുക്കളാണ്.
ഈ ബന്ധത്തിന്റെ പേരില്‍ ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മിയും പവിത്രയും തമ്മില്‍ സമൂഹ മാധ്യമങ്ങളിലൂടെ വാക്‌പോര് നടന്നിരുന്നു. സമൂഹമാധ്യമങ്ങളില്‍ ദര്‍ശനൊപ്പമുള്ള പവിത്രയുടെ റീല്‍സ് വിഡിയോ വിജയലക്ഷ്മിയുടെ കോപം വര്‍ധിക്കാന്‍ കാരണമായി.
